അഴിമതി കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് ആരോപണം

അഴിമതി കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ മകൻ കാർത്തിക് പോപ്ലി വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സഞ്ജയ് പോപ്ലി. അഴിമതി കേസിൽ വിജിലൻസ് സംഘം സഞ്‌ജയ് പോപ്ലിയുടെ വീട്ടിൽ റെയ്‌ഡ് നടത്തുന്നതിനിടെയാണ് കാർത്തിക് സ്വയം വെടിവെച്ചത്. വീട്ടിലെ ലൈസൻസുള്ള പിസ്റ്റളിൽ നിന്ന് വെടിയുതിർത്താണ് ആത്‌മഹത്യ ചെയ്‌തതെന്നാണ് റിപ്പോർട്ട്.

എന്നാൽ മകനെ പൊലീസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഞ്ജയ് പോപ്ലി ആരോപിച്ചു. തന്റെ കൺമുന്നിലാണ് കാർത്തിക്ക് വെടിയേറ്റ് മരിച്ചതെന്നും മകന്റെ മരണത്തിന് താൻ സാക്ഷിയാണെന്നും സഞ്ജയ് പോപ്ലി പറഞ്ഞു.കാർത്തിക് പോപ്ലിക്കു വെടിയേൽക്കുന്ന സമയത്ത് വിജിലൻസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോടു വെളിപ്പെടുത്തി. എന്നാൽ ഈ ആരോപണത്തെ വിജിലൻസ് തളളി.

വിജിലൻസ് സംഘം സഞ്ജയ് പോപ്‍ലിയുടെ വീട്ടിൽ റെയ്ഡിനായി പോയിരുന്നുവെന്നും ഈ സമയത്ത് കാർത്തിക് പോപ്‍ലി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നും ചണ്ഡിഗഡ് സീനിയർ എസ്‍പി കുൽദീപ് ചാഹൽ വ്യക്തമാക്കി. പിതാവ് സഞ്ജയ് പോപ്‍ലിയുടെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കാർത്തിക് സ്വയം നിറയൊഴിച്ചതെന്നും എസ്പി പറഞ്ഞു.

നവൻഷഹറിൽ മലിന ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾക്ക് പകരമായി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോ ജൂൺ 20ന് ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്‌ജയ് പോപ്ലിയെ അറസ്റ്റ് ചെയ്‌തത്.