ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു)വില്‍ ചേര്‍ന്ന് ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് കടന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേര ബിജെപിയ്ക്ക് കൈമാറി രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം എടുത്തതോടെയാണ് മകന്റെ രാഷ്ട്രീയ പ്രവേശനം ഒരുങ്ങിയത്. പട്‌നയിലെ പാര്‍ട്ടി ആസ്ഥാനത്താണ് ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് ഔപചാരികമായി നിഷാന്ത് കുമാറിന്റെ പ്രവേശന ചടങ്ങ് സംഘടിപ്പിച്ചത്. ദീര്‍ഘകാലം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന നിഷാന്ത്, പിതാവ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്.
50 വയസുള്ള എഞ്ചിനീയറായ നിഷാന്ത് കുമാര്‍ പതിറ്റാണ്ടുകളായി മുഖ്യമന്ത്രിയുടെ മകനായിരുന്നിട്ടും രാഷ്ട്രീയ വേദിയില്‍ നിന്ന് വിട്ടുനിന്നു. കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരായ നിതീഷ് കുമാറിന്റെ നിലപാടിനെ തുടര്‍ന്നായിരുന്നു നിഷാന്തിന്റെ വിട്ടുനില്‍ക്കല്‍. ഇപ്പോള്‍ തന്റെ മകനെ രാഷ്ട്രീയത്തില്‍ ചേരാന്‍ നിതീഷ് കുമാര്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് നിഷാന്തിന്റെ കടന്നുവരവ്. നിഷാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ മുതിര്‍ന്ന ജെഡിയു നേതാക്കള്‍ സ്വാഗതം ചെയ്യുകയും ചെയ്തു. പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാണ് തന്റെ തീരുമാനം എന്നാണ് നിഷാന്ത് കുമാര്‍ നേതാക്കളോട് അറിയിച്ചത്.
”പിതാവ് രാജ്യസഭയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ താല്‍പര്യമാണ്, ഞാന്‍ അത് അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ശ്രമം,”
Read more
മാര്‍ച്ച് 16ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനായി ബിഹാറില്‍നിന്ന് നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചന. അതിനുശേഷം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിഷാന്ത് എത്താന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.







