രാമായണത്തിനും മഹാഭാരതത്തിനുമെതിരായ പരാമര്‍ശം: യെച്ചൂരിക്കെതിരേ കേസ്

രാമായണവും മഹാഭാരതവും അക്രമസംഭവങ്ങള്‍ നിറഞ്ഞതാണെന്ന പരാമര്‍ശത്തിന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബാ രാംദേവ് അടക്കമുള്ള ചിലര്‍ യെച്ചൂരിക്കെതിരേ നേരത്തേ പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്. തങ്ങളുടെ പൂര്‍വികരെ യെച്ചൂരി അപമാനിച്ചെന്നാണ് രാംദേവ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ബിജെപിയുടെ ഭോപ്പാല്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിംഗ് താക്കൂര്‍”ഹിന്ദുക്കള്‍ അഹിംസയില്‍ വിശ്വസിക്കുന്നവരല്ല” എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

“നിരവധി രാജാക്കന്മാര്‍ ഇന്ത്യയില്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും ഇത്തരത്തിലുള്ള സംഭവങ്ങളുടെ വിവരണം ഉണ്ട്. ഇതിഹാസങ്ങളുടെ ഒരു “പ്രചാരക്” ആയിട്ടുപോലും നിങ്ങള്‍ പറയുന്നത് ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ലെന്നാണ്. ഹിംസയില്‍ അഭിരമിക്കുന്ന ഒരു മതത്തിന്റെ ഭാഗമായിട്ടുപോലും ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ല എന്ന് നിങ്ങള്‍ പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്?”- യെച്ചൂരി ചോദിച്ചു.