എന്‍.സി.പിയുടെ ആവശ്യം അംഗീകരിച്ച് ശിവസേന; കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു, ബി.ജെ.പി ബന്ധം ഉപേക്ഷിക്കും

കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കേന്ദ്രമന്ത്രിസഭയിൽ നിന്നും എൻഡിയിൽ നിന്നും പുറത്തു വന്നാൽ പിന്തുണ നൽകാം എന്ന ഉപാധി എൻസിപി മുന്നോട്ട് വച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാവന്ത് രാജി പ്രഖ്യാപിച്ചത്.

ബി.ജെ.പിയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന എന്നതിന്റെ സൂചനയാണ് സാവന്തിന്റെ രാജിയോടെ തെളിയുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അതോടെ രണ്ടാമത്തെ വലിയകക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

മുഖ്യമന്ത്രിസ്ഥാനം അടക്കം പങ്കുവെയ്ക്കുക തുടങ്ങിയ വിഷയങ്ങളില്‍ ശിവസേനയുമായി യോജിപ്പിലെത്താന്‍ സാധിക്കാത്തതാണ് ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ശിവസേനയ്ക്ക് 56 എം.എല്‍.എമാരുള്ളത്.

നേരത്തെ എന്‍.സി.പിയുമായി ശിവസേന സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യം പൂര്‍ണമായും അവസാനിപ്പിക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ മുന്നോട്ടു വെച്ച ആവശ്യം. ഇതിന്റെ ഭാഗമായാകാം രാജിയെന്ന് കരുതപ്പെടുന്നു. ശിവസേന-എന്‍.സി.പി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിപദം ശിവസേനയ്ക്കും എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിച്ചേക്കും.

ഇന്ന്(തിങ്കളാഴ്ച) വൈകുന്നേരം 7.30 വരെയാണ് ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപവത്കരണ അവകാശവാദം ഉന്നയിക്കാന്‍ സമയം ലഭിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് ഇനിയും എം.എല്‍.എമാരുടെ പിന്തുണ ആവശ്യമാണ്. പിന്തുണയുമായി ബന്ധപ്പെട്ട് എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍നിന്നും ഇതുവരെ ശിവസേനയ്ക്ക്  ഉറപ്പ് ലഭിച്ചിട്ടുമില്ല.

അതിനാല്‍, ആദ്യപടി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിക്കുകയും പിന്നീട് ന്യൂനപക്ഷ സര്‍ക്കാരായി അധികാരം ഏല്‍ക്കുകകയുമായിരിക്കും ശിവസേന ചെയ്യുക. പിന്നീട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുമാണ് സാദ്ധ്യത.

ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എന്‍.സി.പി. അദ്ധ്യക്ഷന്‍ ശരദ് പവാറുമായി അല്‍പസമയത്തിനകം കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ശേഷം സഞ്ജയ് റാവത്ത് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ അഭിപ്രായം. എന്നാല്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കുന്നതിനോട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ എം.എല്‍.എമാര്‍ നിലവില്‍ ജയ്പുരിലെ റിസോര്‍ട്ടിലാണുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു വൈകിട്ട് സോണിയയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.