പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം; ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ

പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. ഫോണ്‍ ചോര്‍ത്തൽ വിവാദം പാര്‍ലമെന്റ് ഐടി സമിതി അന്വേഷിച്ചതാണ്. എന്നാൽ ഐടി, ആഭ്യന്തരമന്ത്രാലയ പ്രതിനിധികളെ സമിതി വിളിച്ചെങ്കിലും ആരും എത്തിയില്ല. സര്‍ക്കാരിന്റെ സഹകരണമില്ലാതെ കണ്ടെത്താനാവില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. രണ്ട് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ മുന്നൂറോളം ഇന്ത്യക്കാരുടെ ഫോൺ ചോർത്തിയെന്ന കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്സഭയിലും ബിനോയ് വിശ്വം രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

അതേസമയം പെഗസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തത്തി. ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണം . ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം ബി.ജെ.പിയെ വേദനിപ്പിക്കുമെന്നും സ്വാമി പറഞ്ഞു.

ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റുവെയറാണ് പെഗാസസ്. സർക്കാരുകൾക്ക് മാത്രം ലഭിക്കുന്ന ചാര സോഫ്റ്റുവെയറാണിത്.  2019 ലും പെഗാസസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലോകത്തെമ്പാടുമായി 121 ഇന്ത്യക്കാരുടേതുൾപ്പെടെ 1,400 ഉപയോക്താക്കളുടെ ഫോണുകൾ ഹാക്കുചെയ്യാൻ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നായിരുന്നു കണ്ടെത്തിയത്.