നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തമിഴ് മാധ്യമം വികടന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ഫെബ്രുവരി 10ന് വികടന്‍ പ്ലസ് ഡിജിറ്റല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെ തുടര്‍ന്നാണ് വികടന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപം നരേന്ദ്ര മോദി കൈയ്യില്‍ ചങ്ങലയുമായി ഇരിക്കുന്ന ചിത്രമാണ് വികടനില്‍ പ്രസിദ്ധീകരിച്ചത്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാധ്യമ സ്ഥാപനത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരിക്കുന്നത്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
കെ അണ്ണാമലൈ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി എല്‍ മുരുകന്‍ എന്നിവര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയത്. യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് വിലക്കെന്ന് സ്ഥാപനം അറിയിച്ചു. വികടന്‍ വെബ്‌സൈറ്റിനെ വിലക്കിയ നടപടിയെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അപലപിച്ച് രംഗത്തെത്തിയിരുന്നു.
Read more
വികടന്‍ മീഡിയ ഗ്രൂപ്പിനെതിരായ നടപടി പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണെന്നും ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പിന് ഒരു ജനാധിപത്യ സമൂഹത്തില്‍ സ്ഥാനമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒരു ആക്ഷേപഹാസ്യമെന്ന നിലയില്‍ കാര്‍ട്ടൂണ്‍ നിയമാനുസൃതമായ പത്രപ്രവര്‍ത്തന രീതിയാണെന്ന് എന്‍ റാം അഭിപ്രായപ്പെട്ടു.







