യു.പിയില്‍ ബുള്‍ഡോസര്‍ രാജിന് സ്റ്റേയില്ല; സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഉത്തര്‍പ്രദേശില്‍ അനധികൃത നിര്‍മ്മാണമെന്ന പേരില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. പ്രവാചകന് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തലരുടെ വീടുകള്‍ പൊളിച്ചു നീക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഹര്‍ജിക്കാരന്റെ ആവശ്യം തള്ളിയ കോടതി വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യു പി സര്‍ക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പൊളിക്കല്‍ നടപടികള്‍ നിയമാനുസൃതമായിരിക്കണം. പ്രതികാര നടപിയാകരുതെന്നും കോടതി വ്യക്തമാക്കി. പ്രയാഗ്‌രാജില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങള്‍ യുപി സര്‍ക്കാര്‍ പാലിച്ചിരുന്നോയെന്നും സുപ്രീംകോടതി ചോദിച്ചു.

നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൊളിക്കാനുള്ള ഉത്തരവിറക്കിയത്. രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പൊളിക്കല്‍ നടപടി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും. മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പൊളിക്കല്‍ നടപടികളില്‍ നിയമം പാലിക്കാന്‍ യു പിസര്‍ക്കാരിനോട് നിര്‍ദേശിക്കണം. നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മതത്തെ ലക്ഷ്യമാക്കിയുള്ള നടപടിയാണ് ഇതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ജസ്റ്റിസുമാരായ ബൊപ്പണ്ണ, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.