'നോട്ട് നിരോധനം നടപ്പാക്കിയതു പോലെ തന്നെ ഇപ്പോഴും; ജനങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സമയം നല്‍കിയില്ല'- ശശി തരൂര്‍

ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ജനങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിലായിരുന്നു ശശി തരൂര്‍ ആരോപണം ഉന്നയിച്ചത്.

അന്നത്തേപ്പോലെതന്നെ ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയില്ല. ഇന്നത്തെപ്പോലെ അന്നും സാധാരണക്കാരനായിരുന്നു പ്രയാസം അനുഭവിക്കേണ്ടി വന്നത്, തരൂര്‍ ഹിന്ദിയിലുള്ള ട്വീറ്റില്‍ പറഞ്ഞു. പെട്ടന്നുള്ള നോട്ട് നിരോധനത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സ്വദേശത്തേയ്ക്കു പോകാന്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ദൃശ്യങ്ങളെ നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്കു മുന്‍പില്‍ ക്യൂ നിന്നവരുടെ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ട്വീറ്റ്. രണ്ട് സന്ദര്‍ഭങ്ങളിലെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 21 മണിക്കൂര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ യാതൊരു തയ്യാറെടുപ്പുകളും നടത്തിയില്ലെന്ന് അദ്ദേഹവും ആരോപിച്ചിരുന്നു.