യുപിയിലെ ലുലുമാളിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ലുലുമാളിന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മുസ്ലിങ്ങള്‍ പരസ്യമായി നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ എന്ന തലക്കെട്ടോടുകൂടി സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകളിലൂടെയാണ് വിദ്വേഷ പ്രചാരണം നടക്കുന്നത്.

ആര്‍എസ്എസ് മാധ്യമസ്ഥാപനമായ ഓര്‍ഗനൈസര്‍ വീക്ക്ലിയും ഇതേ തലക്കെട്ടില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വിഷയത്തില്‍ ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കടിയില്‍ നിരവധി വിദ്വേഷ കമന്റുകളാണ് വന്നിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് നിരോധിക്കുന്ന നിയമം കൊണ്ടുവരണമെന്നാണ് ചിലരുടെ അഭിപ്രായം. ലുലു മാളിലെ എല്ലാ പുരുഷ ജീവനക്കാരും ഇസ്ലാം മത വിശ്വാസികളാണെന്നും സ്ത്രീകള്‍ ഹിന്ദുക്കളാണെന്നുമാണ് ചിലരുടെ കമന്റുകള്‍.

ലുലു ഗ്രൂപ്പിന്റെ 235-ാമത് സംരംഭമാണ് യുപിയിലെ മാള്‍. ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാളും ഇതാണ്. 22 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന മെഗാ മാള്‍ 4,800 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം നല്‍കും. വിവിദ മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 220 കടകള്‍ മാളില്‍ ഉണ്ട്.

വിവിധങ്ങളായ ബ്രാന്‍ഡുകളുടെ 25 ഔട്ട്‌ലെറ്റുകള്‍ അടങ്ങുന്ന മെഗാ ഫുഡ് കോര്‍ട്ടില്‍ 1600 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സൗകര്യമുണ്ട്. ഏഴു ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന 11 നിലകളുള്ള പാര്‍ക്കിംഗ് മാളില്‍ ഉണ്ടെന്നും മാളിന്റെ 11 സ്‌ക്രീനുകളുള്ള പിവിആര്‍ സൂപ്പര്‍പ്ലെക്സ് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്ന് ലഖ്നൗവിലെ ലുലു മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ അറിയിച്ചിട്ടുണ്ട്.