രാജ്യത്ത് ദാരിദ്ര്യം ഒരു ഭൂതത്തെപ്പോലെയായി, ആശങ്കയുണ്ടെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും ആശങ്കപ്പെടുത്തുന്ന തരത്തിലുയര്‍ന്നെന്ന് ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. തൊഴില്‍ അന്വേഷകര്‍ തൊഴില്‍ദാതാക്കളായി മാറുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നില്‍ക്കുകയാണെന്നും ദത്തത്രേയ ഹൊസബലെ പറഞ്ഞു.

’20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് എന്നത് വളരെ സങ്കടകരമായ കണക്കാണ്. 23 കോടി ആളുകളുടെ പ്രതിദിന വരുമാനം 375 രൂപയ്ക്ക് താഴെയാണ്. തൊഴിലില്ലാത്തവരുടെ കണക്ക് നാല് കോടിയാണ്. ലേബര്‍ ഫോഴ്സ് സര്‍വ്വേ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ്’, ദത്തത്രേയ ഹൊസബലെ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടേതെന്നാണ് ഒരു കണക്ക് സൂചിപ്പിക്കുന്നത്. എന്നാല്‍ സാമ്പത്തിക അസമത്വം ഭീകരമാണെന്നും അത് നല്ല സാഹചര്യമാണോയെന്ന് ഹൊസബലെ ചോദിച്ചു.

Read more

ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ഉയര്‍ന്ന ഒരു ശതമാനത്തിന് രാജ്യത്തിന്റെ വരുമാനത്തിന്റെ അഞ്ചില്‍ ഒന്ന് (20%) ഉണ്ട്. അതേസമയം ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്ക് രാജ്യത്തിന്റെ വരുമാനത്തിന്റെ 13 ശതമാനം മാത്രമാണുള്ളതെന്നും ഹൊസബലെ വ്യക്തമാക്കി.