ഹിന്ദുക്കള്‍ സ്ഥിരമായി അവഗണിക്കപ്പെടുകയാണ്, രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തടസ്സം എത്രയും പെട്ടെന്ന് നീക്കണം; സുപ്രീം കോടതിക്കെതിരെ ആര്‍.എസ്.എസ്

അയോധ്യ കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ട സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. മുന്‍ഗണന നല്‍കേണ്ട കേസായി സുപ്രീം കോടതി അയോധ്യ കേസിനെ കാണുന്നില്ലെന്നാണ് ആര്‍.എസ്.എസ് വിമര്‍ശനം.

“രാമജന്മഭൂമി കേസില്‍ കാലങ്ങളായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ നീതിന്യായ നടപടികള്‍ വേഗത്തിലാക്കുന്നതിനു പകരം സുപ്രീം കോടതി അപ്രതീക്ഷിതമായ നിലപാട് എടുത്തിരിക്കുകയാണ്. ഹിന്ദു സമൂഹത്തിന്റെ ആഴത്തിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട ഈ വിഷയത്തിന് സുപ്രീം കോടതി യാതൊരു മുന്‍ഗണനയും കാണുന്നില്ല.” ഗ്വാളിയോറില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ ആര്‍.എസ്.എസ് പറയുന്നു.

ഹിന്ദുക്കള്‍ സ്ഥിരമായി അവഗണിക്കപ്പെടുകയാണ്. നിയമവ്യവസ്ഥയോടുള്ള ആദരവുണ്ടെങ്കിലും ഈ തര്‍ക്കവുമായി ബന്ധപ്പെട്ട വിധി എത്രയും പെട്ടെന്നു പുറപ്പെടുവിക്കണമെന്നും ക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസ്സം നീക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

അയോധ്യ ഭൂമി തര്‍ക്കത്തിന് ശാശ്വതമായ പരിഹാരം തേടിയാണ് സുപ്രീം കോടതി വിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടത്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ചതിനു ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വിഷയം മധ്യസ്ഥതയ്ക്ക് വിട്ടത്. ഫൈസാബാദില്‍ വെച്ചായിരിക്കും മധ്യസ്ഥ ചര്‍ച്ച നടക്കുക. മധ്യസ്ഥ ചര്‍ച്ച അതീവ രഹസ്യമായിരിക്കുമെന്നും, ചര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.