'ക്ഷമ പരീക്ഷിക്കുന്നു, വിധികളെ ബഹുമാനിക്കുന്നില്ല'; കേന്ദ്രത്തിന് എതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ചീഫ് ജസ്‌റ്റിസ് എൻ.വി രമണ. സർക്കാർ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു. വിധികളെ സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ട്രൈബ്യൂണൽ റിഫോംസ് ആക്‌ട് ചോദ്യം ചെയ്‌തുള‌ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയത്.

ട്രൈബ്യൂണലുകളിൽ നിയമനം നേടുന്നവരുടെ കാലാവധി, പ്രായപരിധി, ആനുകൂല്യങ്ങൾ എന്നിവയെല്ലാം നിജപ്പെടുത്തി കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഇതിൽ ചില വകുപ്പുകൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കി. എന്നാൽ ഈ നിയമ വിരുദ്ധമെന്ന് കണ്ടെത്തിയ വകുപ്പുകൾ ചേർത്ത് തന്നെ ഒരു നിയമം കേന്ദ്ര സർക്കാർ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവന്നു. ഇതാണ് ട്രൈബ്യൂണൽ റിഫോംസ് ആക്‌ട്.

ഈ നടപടി കോടതിയെ ചൊടിപ്പിച്ചു. ഒരിക്കൽ റദ്ദാക്കിയ വകുപ്പ് ചേർത്ത് വീണ്ടും നിയമനിർമ്മാണം നടത്തുന്നത് ശരിയാണോയെന്ന് ചീഫ് ജസ്‌റ്റിസ് എൻ.വി രമണ കേസ് പരിഗണിക്കവെ കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ട്രൈബ്യൂണലുകളെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും ഒരാഴ്‌ചയ്‌ക്കകം ട്രൈബ്യൂണലുകളിൽ നിയമനം നടത്തണമെന്നും സുപ്രീംകോടതി അന്ത്യശാസനവും നൽകി.

സുപ്രീംകോടതി ജഡ്ജിമാര്‍ നേതൃത്വം നല്‍കുന്ന സമിതികള്‍ നല്‍കുന്ന നിയമന ശിപാര്‍ശകളില്‍ പോലും സര്‍ക്കാര്‍ തീരുമാനം എടുക്കുന്നില്ല. ഐ ബിയുടെ ക്‌ളിയറന്‍സ് ലഭിച്ച വ്യക്തികളെയാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സമിതികള്‍ ശിപാര്‍ശ ചെയ്തത്. കോടതി ജഡ്ജിമാരെ പോലും സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലേ എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആരാഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോടതി ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.