സമൂഹത്തിൽ അസമത്വം നില നിൽക്കുന്നിടത്തോളം കാലം സംവരണം തുടരണം; മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ മുസ്ലിങ്ങൾ ദൂരീകരിക്കണം: ആർ.എസ്.എസ്

സമൂഹത്തിൽ അസമത്വം നിലനിൽക്കുന്നിടത്തോളം കാലം തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സംവരണം തുടരണമെന്ന് ആർ‌.എസ്‌.എസ്. “എത്ര കാലം ക്വാട്ട സമ്പ്രദായം തുടരണമെന്ന് ഗുണഭോക്താക്കളാണ് തീരുമാനിക്കേണ്ടത് … ഇത് ഭരണഘടന അനുശാസിക്കുന്നു,” രാജസ്ഥാനിലെ പുഷ്കറിൽ നടന്ന സംഘടനയുടെ വാർഷിക ഏകോപന യോഗത്തിൽ ആർ‌.എസ്‌.എസ് സഹ-സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ പറഞ്ഞു.

ഹിന്ദുത്വത്തിനും സാംസ്കാരിക ദേശീയതയ്ക്കും ഊന്നൽ നൽകിയ ആർ‌.എസ്‌.എസ് നേതാവ് ക്ഷേത്രങ്ങൾ, ശ്മശാനങ്ങൾ, ജലസംഭരണികൾ എന്നിവ ഹിന്ദു സമുദായത്തിലെ എല്ലാ ജാതിക്കാർക്കും തുല്യമായി ലഭ്യമാക്കണമെന്നും പറഞ്ഞു. സംവരണം യോഗത്തിന്റെ അജണ്ടയിൽ ഇല്ലായിരുന്നതിനാൽ വിഷയം ചർച്ചക്കായി വന്നില്ല.

മദ്രസകളിൽ നൽകുന്ന വിദ്യാഭ്യാസത്തെ കുറിച്ച് പലപ്പോഴും ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ ദേശീയ മുസ്‌ലിംകൾ മുന്നോട്ട് വരണമെന്ന് ഹൊസബാലെ പറഞ്ഞു. ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തി ദേശീയഗാനം ആലപിച്ച് മദ്രസകളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ വർഷം നിർബന്ധമാക്കിയിരുന്നു. അത്തരം ഉത്തരവുകൾ ആരും എതിർക്കരുത് എന്നും ഹൊസബാലെ അഭിപ്രായപ്പെട്ടു.