സില്‍ക്യാര തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; ഇന്ന് വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികിലേക്ക് ഇനി 5 മീറ്റര്‍ ദൂരം മാത്രമാണ് അവശേഷിക്കുന്നത്.

തുരങ്കത്തിനുള്ളിലൂടെ കുഴല്‍പ്പാത നിര്‍മ്മിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നിലവില്‍ തുടരുന്നത്. ഇന്ന് വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം കൂടുല്‍ വേഗത്തിലായത്. ഓഗര്‍ മെഷീന്‍ കോണ്‍ക്രീറ്റ് കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിറുത്തി വച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചത്. തുരങ്കത്തില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഓഗര്‍ മെഷീനിന്റെ ബ്ലേഡുകള്‍ നീക്കിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്. ഇതോടൊപ്പം മലമുകളില്‍ താഴേക്ക് തുരന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 84 മീറ്ററാണ് മുകളില്‍ നിന്ന് തൊഴിലാളികള്‍ വരെയുള്ള ദൂരം. ഇതില്‍ 50 മീറ്റര്‍ പിന്നിട്ടതായും റിപ്പോര്‍ട്ടുണ്ട്.