പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം; കുടുങ്ങിപ്പോയ ആഭ്യന്തരമന്ത്രിയെ എയർലിഫ്റ്റ് ചെയ്തു, വീഡിയോ

മധ്യപ്രദേശിൽ പ്രളയബാധിത മേഖല സന്ദർശിക്കുന്നതിനിടെ പ്രദേശത്ത് അകപ്പെട്ടു പോയ ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.

ദുരിതമേഖലയിലെ ജനങ്ങൾക്കു സഹായമെത്തിക്കാൻ ബോട്ടിൽ പോയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെയാണ് രക്ഷപ്പെടുത്തിയത്.

ദതിയ ജില്ലയിൽ ദുരന്ത നിവാരണ സംഘത്തിന്റെ ബോട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഒരു വീടിന്റെ ടെറസിൽ കുടുങ്ങിയ ഒമ്പത് കുടുംബാംഗങ്ങളെ മിശ്ര കണ്ടത്. അവരെ രക്ഷപ്പെടുത്താനായി ദുരന്തനിവാരണസേനയോടൊപ്പം പോകവെ, മന്ത്രിയുടെ ബോട്ടിനു മേൽ മരം വീഴുകയായിരുന്നു.

മന്ത്രി വിവരം അറിയിച്ചതിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ ഒൻപത് പേരേയും ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.

പ്രദേശത്തെ എം.എൽ.എ കൂടിയായ ആഭ്യന്തരമന്ത്രിയുടെ ഇടപ്പെടൽ വലിയ ചർച്ചയായി കഴിഞ്ഞു. മന്ത്രിയുടെ പ്രചാരണ തന്ത്രമാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.