ടി.ആര്‍.പി തട്ടിപ്പ് കേസ്: റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷന്‍ മേധാവി അറസ്റ്റില്‍

ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിംഗ് അറസ്റ്റില്‍. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

2018-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

ടി.വി.കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടില്‍ റിപ്പബ്ലിക് ടിവി ചാനല്‍ ഓണ്‍ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ലോക്കല്‍ ചാനലുകള്‍ക്കെതിരേയും പൊലീസിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക് ടിവിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പൊലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.