പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗംചെയ്താല്‍ വധശിക്ഷ; രാജ്യദ്രോഹനിയമം എടുത്തുമാറ്റി; ഐപിസി ഇനി ഭാരതീയ ന്യായ സംഹിത; നിയമങ്ങള്‍ മാറ്റിയെഴുതി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ഇന്ന് അവതരിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐപിസി) പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി (സിആര്‍പിസി) ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ പേരുകളിലുള്ള ബില്ലുകളാണ് ആഭ്യന്തരമന്ത്രി അവതരിപ്പിച്ചത്.

ആള്‍ക്കൂട്ട കൊലപാതകത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്കും വധശിക്ഷയും. കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവുശിക്ഷയും ബില്ലിലുണ്ട്. ഐപിസിയില്‍ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകള്‍ ഭേദഗതി ചെയ്യും. പുതിയ ബില്ലുകള്‍ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി പണം നല്‍കുന്നവര്‍ക്ക് തടവുശിക്ഷയും നല്‍കും. തട്ടിക്കൊണ്ട് പോകല്‍, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് പത്ത് വര്‍ഷം തടവും പിഴയും. ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭച്ഛിദ്രം ചെയ്താല്‍ ജീവപര്യന്തം തടവ്, അല്ലെങ്കില്‍ പത്ത് വര്‍ഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയില്‍ പറയുന്നു.

ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക് വിടുമെന്ന് അമിത് ഷാ അറിയിച്ചു.