സനാതന ധർമ്മ വിവാദം; ഉദയനിധി സ്റ്റാലിനെതിരെ മഹാരാഷ്ട്ര പൊലീസും കേസെടുത്തു, പരാമർശത്തിൽ അതൃപ്തി അറിയിക്കാൻ ഇന്ത്യ സഖ്യം

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് യുവജനക്ഷേമ- കായികമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് മഹാരാഷ്ട്രയിലെ മീരാ റോഡ് പൊലീസ്. ഉദയനിധിയ്‌ക്കെതിരെ മീരാ റോഡ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തത്.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായാണ് സ്റ്റാലിന്‍ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല അത് ഇല്ലാതാക്കണം. കൊറോണ, ഡെങ്കി, മലേറിയ തുടങ്ങിയവ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. നാം അവ ഉന്മൂലനം ചെയ്യണമെന്നും അതേതരത്തിലാണ് സനാതനത്തെ ഉന്മൂലനം ചെയ്യേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു.

വലിയ വിവാദങ്ങള്‍ക്കാണ് ഉദയനിധിയുടെ പ്രസ്താവന വഴിവച്ചത്. ബിജെപി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബിജെപി ഉന്നയിച്ച ആരോപണം. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്റെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുത്തു. സമാന വിഷയത്തില്‍ യുപി പൊലീസും കേസെടുത്തിട്ടുണ്ട്.

Read more

സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യത്തിന് അതൃപ്തിയുണ്ട്. പ്രസ്താവന അനവസരത്തിലായെന്നും ബിജെപിക്ക് ആയുധം കൊടുത്തെന്നുമാണ് പ്രതിപക്ഷ മുന്നണിയിലെ പൊതുവായ വിലയിരുത്തല്‍. ഇന്ന് ശരദ് പവാറിന്റെ ദില്ലിയിലെ വസതിയില്‍ ചേരുന്ന ഇന്ത്യ സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കും.