പശു പരിപാലനം ജയിലിലെ തടവുകാരുടെ കുറ്റവാസന കുറയ്ക്കും: മോഹന്‍ ഭാഗവത്

പശുക്കളെ പരിപാലിക്കാനുള്ള ചുമതല നല്‍കിയപ്പോള്‍ ജയില്‍ തടവുകാരുടെ ക്രിമിനല്‍ മനോഭാവം കുറഞ്ഞുവെന്ന് അനുഭവം തെളിയിച്ചതായി രാഷ്ട്ര സ്വയംസേവക് സംഘ് (ആര്‍എസ്എസ്) മേധാവി മോഹന്‍ ഭാഗവത്. ഗോ-വിജ്ഞാന്‍ സണ്‍ശോധന്‍ സന്‍സ്ഥ എന്ന സംഘടന സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പശു പ്രപഞ്ചത്തിന്റെ മാതാവാണ്. അത് മണ്ണിനെയും മൃഗങ്ങളെയും പക്ഷികളെയും മനുഷ്യരെയും പരിപോഷിപ്പിക്കുന്നു. മാത്രമല്ല ഇത് മനുഷ്യരെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും മനുഷ്യഹൃദയത്തെ പുഷ്പം പോലെ മൃദുവാക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

“ജയിലുകള്‍ പശു തൊഴുത്തുകള്‍ ഉണ്ടാക്കുകയും തടവുകാര്‍ പശുക്കളെ വളര്‍ത്തുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവരുടെ ക്രിമിനല്‍ മനോഭാവം കുറയാന്‍ തുടങ്ങിയതായി ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ചില ജയില്‍ അധികൃതര്‍ പങ്കിട്ട അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ ഇത് നിങ്ങളോട് പറയുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

പശുക്കളെ സംരക്ഷിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ സമൂഹവും മുന്നോട്ടുവരണം.ഇതുകൂടാതെ ഇന്ത്യന്‍ പശുക്കളുടെ പ്രാധാന്യം ശാസ്ത്രീയമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നുംം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.