അന്തി ചർച്ചകളിൽ നടക്കുന്നത് ഗുസ്തിപിടുത്തമെന്ന് മാഗ്‌സെസെ അവാർഡ് ജേതാവ് രവീഷ്‌ കുമാർ

രാജ്യത്ത് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ ചാരുതയും നഷ്ടമായി കൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ രവീഷ് കുമാര്‍ പറഞ്ഞു. മാധ്യമം ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ സൗന്ദര്യബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ടെലിവിഷന്‍ ചാനലുകള്‍ ചര്‍ച്ചകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു തരത്തിലുള്ള വിവരവും വായനക്കാരിലെത്തിക്കാതെ ചര്‍ച്ചകള്‍ നടത്തിയതു കൊണ്ട് ഒരു കാര്യവുമില്ല. നല്ലതായാലും ചീത്തയായാലും ഡല്‍ഹിക്കും മുംബൈയ്ക്കും പുറത്ത് എന്തുനടക്കുന്നുവെന്ന് ഒരു ധാരണയുമില്ല’.വാര്‍ത്ത പുറത്തു കൊണ്ടുവന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുക എന്ന രീതിയില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഴ്ചപ്പാടുകള്‍ ആധാരമാക്കിയുള്ള ചര്‍ച്ചകളാണ് മുന്നോട്ടു പോകുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

‘നിങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ആളാണെങ്കില്‍ ബി.ജെ.പിയുടെ ലക്ഷ്യം നേടിയേക്കും. എന്നാല്‍ അതുകൊണ്ട് യഥാര്‍ത്ഥ ചിത്രം ലഭിക്കില്ല. നിങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തിലേറ്റി എന്നത് ശരി തന്നെ. എന്നാല്‍ യഥാര്‍ത്ഥ ചിത്രം കണ്ടാണ് തങ്ങള്‍ അധികാരത്തിലേറ്റിയതെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുത്. ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വരണം’.വസ്തുത പുറത്തു കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ താനടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ അദ്ധ്വാനം നിഷ്ഫലമാകുകയാണ്. അന്വേഷണമില്ല, വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരുന്നില്ല, ടെലിവിഷന്റെ എല്ലാ ഉള്ളടക്കങ്ങളും നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ന്യൂസ്‌റൂമുകളില്‍ ആങ്കര്‍മാരേയും അതിഥികളേയും ഗുസ്തിക്കാരേയും നിറച്ച് നമ്മള്‍ ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇത് നല്ല മാധ്യമപ്രവര്‍ത്തനമാണെന്ന് ഞാന്‍ കരുതുന്നില്ല.’-രവീഷ് കുമാര്‍ പറഞ്ഞു.

വാര്‍ത്താ അവതാരകന്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തനായ രവീഷ് കുമാറിന് ഓഗസ്റ്റ് രണ്ടിനാണ് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്. സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം നല്‍കുന്നത്.

1996 മുതല്‍ എന്‍.ഡി.ടി.വി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ നിലവില്‍ സീനിയര്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ആണ്. എന്‍.ഡി.ടി.വിയിലെ പ്രൈം ടൈം എന്ന പരിപാടി അവതരിപ്പിക്കുന്നതും രവീഷ് കുമാറാണ്.