'തനിക്ക് എതിരെയുള്ള ലൈംഗിക പരാതിയ്ക്ക് പിന്നില്‍ വന്‍ഗൂഢാലോചന, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തില്‍'; രാജിവെച്ച് പോകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പരാതിയ്ക്ക് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും താന്‍ രാജിവെയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു. വളരെ പ്രധാനപ്പെട്ട കേസുകള്‍ അടുത്ത ആഴ്ചകളില്‍ താന്‍ കേള്‍ക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്നു രാവിലെ 10.30ന് തീര്‍ത്തും അപ്രതീക്ഷിതമായാണ് സുപ്രീം കോടതിയില്‍ അടിയന്തര വിഷയം ചര്‍ച്ച ചെയ്യാന്‍ സിറ്റിംഗ് ചേരുന്നുവെന്ന ഒരു നോട്ടീസ് പുറത്തു വിട്ടത്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ തന്നെ അദ്ധ്യക്ഷതയിലാണ് ബെഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. രാവിലെ പത്തേമുക്കാലോടെ തുടങ്ങിയ സിറ്റിംഗില്‍ നാടകീയമായ പരാമര്‍ശങ്ങളും സംഭവങ്ങളുമാണുണ്ടായത്.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും കോടതിയിലുണ്ടായിരുന്നു. സുപ്രീം കോടതിയിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോള്‍ തന്നെ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിഷേധിച്ചു.

മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് ചീഫ് ജസ്റ്റിസിനെതിരെ പരാതിയുമായി സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നത്. 2018 ഒക്ടോബര്‍ പത്തിനും പതിനൊന്നിനും ഡല്‍ഹിയിലെ രഞ്ജന്‍ ഗൊഗോയുടെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് 35 വയസുള്ള യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊട്ടു. ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ അനുവദിക്കാതെ ബലമായി എന്നെ പിടിച്ചു നിര്‍ത്തി കവറിംഗ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി പറയുന്നു. “”എന്നെ ചേര്‍ത്തുപിടിക്കൂ”” എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.

ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് തന്നെ റെസിഡന്‍റ്സ് ഓഫീസില്‍ നിന്ന് പുറത്താക്കിയതായും 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചു വിട്ടതായും പരാതിക്കാരി പറയുന്നു.