'രാമജന്മ ഭൂമിയെ' നിയമാവകാശങ്ങൾ ഉള്ള 'അസ്‌തിത്വം’ ആയി കണക്കാക്കാമോ ? ആകാമെന്ന് അഭിഭാഷകൻ കെ. പരാശരൻ; ഗംഗ, യമുന നദികളെ ഇങ്ങനെ കണക്കാക്കുന്നു

രാം ജന്മഭൂമി-ബാബരി മസ്ജിദ് ഭൂമി തർക്കം സംബന്ധിച്ച കേസിൽ മൂന്നാം ദിവസവും സുപ്രീം കോടതിയിൽ വാദം കേൾക്കൽ തുടരുകയാണ്. വാദത്തിനിടയിൽ രാമന്റെ ജന്മസ്ഥലത്തെ ‘നിയമാവകാശങ്ങൾ ഉള്ള അസ്‌തിത്വം’ ആയി കണക്കാക്കാമോ എന്ന് സുപ്രീം കോടതിയുടെ ചോദ്യം ഉയർന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചാണ് കേസിലെ കക്ഷികളിലൊരാളായ ‘രാം ലല്ലാ വിരാജ്മാൻ’ യോട് ഇക്കാര്യം ചോദിച്ചത്.

നിലവിലെ ഇന്ത്യൻ നിയമമനുസരിച്ച്, ഹിന്ദുദേവതകളെ സ്വത്ത് കൈവശം വെയ്ക്കാനും, വ്യവഹാരത്തിനും അവകാശങ്ങൾ ഉള്ള  ‘നിയമവകാശങ്ങൾ ഉള്ള ജുഡീഷ്യൽ അസ്തിത്വം ’ ആയിട്ടാണ് കണക്കാക്കുന്നതെന്നും എന്നാൽ സമാനമായ അവകാശങ്ങൾ ജന്മസ്ഥലത്തിന് എങ്ങനെയാണ് കൈവരുന്നതെന്നും ആയിരുന്നു കോടതിയുടെ ചോദ്യം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിലും ക്ഷേത്രത്തിലെ പ്രതിഷ്ഠയെ, സ്വത്ത് കൈവശം വെയ്ക്കാനും, വ്യവഹാരത്തിനും അവകാശങ്ങൾ ഉള്ള അസ്തിത്വം ആയാണ് കണക്കാക്കിയിരുന്നത്.

ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാരായ എസ്. എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ നസീർ എന്നിവർ ആരാധനയുടെ ഉറവിടം എന്നത് ഒരു ‘ജൂറിസ്റ്റിക് അസ്തിത്വം’ എന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡമായിരിക്കുമോ എന്ന് രാം ലല്ലാ വിരാജ്മാനെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. പരാശരനോട് ചോദിച്ചു. ഹിന്ദുമതത്തിൽ ഒരു സ്ഥലത്തെ ആരാധനാലയമായി കണക്കാക്കുന്നതിന് വിഗ്രഹങ്ങൾ ആവശ്യമില്ലെന്ന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നദികളെ ആരാധിക്കാറുണ്ട്. സൂര്യൻ ഒരു വിഗ്രഹമല്ല, എന്നാൽ ദേവനായായി ആരാധിക്കപ്പെടുന്നു.  ഇതേപോലെ ജന്മസ്ഥലവും ആരാധനസ്ഥലമായി കണക്കാക്കാമെന്നും ജൂറിസ്റ്റിക് അസ്തിത്വം ആയി കരുതാമെന്നും പരാശരൻ വ്യക്തമാക്കി. ഗംഗ, യമുന നദികളെ ‘ജീവനുള്ള അസ്തിത്വം’ ആയി കണക്കാക്കുന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ 2017 ലെ വിധി അദ്ദേഹം പരാമർശിച്ചു.

അയോദ്ധ്യയിലെ 2.77 ഏക്കറിൽ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം അവകാശവാദമുന്നയിച്ച് സമർപ്പിച്ച രാംജൻമഭുമി കേസിന്റെ അപ്പീലുകളിൽ വെള്ളിയാഴ്ച വാദം തുടരും. അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ ത്രേത യുഗത്തിൽ രാമൻ ജനിച്ചുവെന്നാണ് ഹിന്ദുക്കൾ പറയുന്നത്. 1992 ഡിസംബർ 6 ന് തർക്കഭൂമിയിൽ നിന്നിരുന്ന  മസ്ജിദ് ‘കർസേവകർ’ തകർക്കുകയായിരുന്നു.