രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനോട് കേന്ദ്രത്തിന് വിവേചനം, വിമര്‍ശിച്ച് സുപ്രീംകോടതി

രാജീവ് ഗാന്ധിവധക്കേസ് പ്രതിയായ എ.ജി പേരറിവാളന്റെ മോചനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പേരറിവാളന് ജയിലില്‍ നല്ല നടപ്പായിരുന്നു. പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. വിഷയത്തില്‍ കൃത്യമായി വാദം പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. പേരറിവാളന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭ ശിപാര്‍ശ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്. കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് ഗവര്‍ണറെ പ്രതിരോധിക്കുന്നത്. രാഷ്ട്രപതിയുടെ തീരുമാനം എന്തായാലും കോടതിയെ ബാധിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

കോടതി നേരിട്ട് മോചന ഉത്തരവിടാമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പേരറിവാളനെ മോചിപ്പിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും അതിന് ഗവര്‍ണര്‍ തടസം നിന്നുവെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ മന്ത്രിസഭയുടെ താരുമാനം ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞു.

Read more

രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്.