നിയമസഭ വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ശിപാർശ തിരിച്ചയച്ച് രാജസ്ഥാൻ ഗവർണർ; സ്പീക്കറുടെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ശിപാർശ ഗവര്‍ണര്‍ തള്ളി. ഇതു സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചയച്ചു. നിയമസഭ വിളിച്ചുചേര്‍ക്കലുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണങ്ങള്‍ തേടിയതായും വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. നിയമസഭ ചേരുമ്പോള്‍ വിമത പക്ഷത്തുള്ള സച്ചിന്‍ പൈലറ്റിനെയും എംഎല്‍എമാരെയും അയോഗ്യരാക്കാനാണ് ഗെലോട്ട് പക്ഷത്തിന്റെ നീക്കം.

അതേസമയം വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കര്‍ സി പി ജോഷി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്പീക്കര്‍ക്കു മേല്‍ കോടതികളുടെ അധികാരം, സഭയ്ക്കു പുറത്തെ വിഷയങ്ങളില്‍ സ്പീക്കറുടെ അധികാരം, സ്പീക്കറുടെ അയോഗ്യതാ നോട്ടീസ് ചോദ്യം ചെയ്യാനുള്ള അംഗങ്ങളുടെ അവകാശം തുടങ്ങിയവ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പരിശോധിക്കും.

രാജസ്ഥാനിലെ വിഷയം സുപ്രീംകോടതിക്ക് മുന്നിലെത്തിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  സുപ്രീംകോടതിയില്‍ നിന്ന് ഹര്‍ജി പിന്‍വലിച്ച് വിഷയം രാഷ്ട്രീയപരമായി കൈകാര്യം ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. കോടതിയില്‍ നിയമപോരാട്ടം തുടരണമെന്ന് മറുഭാഗവും വാദിക്കുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടിനെ തുറന്നെതിര്‍ക്കുകയാണ് ചെയ്തതെന്നും, മറ്റൊരു പാര്‍ട്ടിയിലേക്കും തങ്ങള്‍ കൂറുമാറിയിട്ടില്ലെന്നുമാണ് സച്ചിന്‍ പൈലറ്റ് കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.