ഇന്ത്യയിലെ ഏറ്റവും വിവാദപരമായ ഖനന കരാറുകളില്‍ ഒന്നിനെതിരായ വിചാരണ കോടതിയുടെ വിധി സ്‌റ്റേ ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതി വിധി രാജ്യത്ത് സൂക്ഷ്മ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെയ്ക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച ജയ്പൂര്‍ കൊമേഴ്സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റിയതടക്കം വലിയ ഒരു രാഷ്ട്രീയ വിവാദം രാജസ്ഥാനില്‍ നിന്ന് ഇന്ത്യ ഒട്ടാകെ തിരികൊളുത്തുകയാണ്. രാജസ്ഥാന്‍ ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രത്യേകിച്ചു ഗൗതം അദാനിയോടുള്ള സൗഹൃദവും അദാനി ബിസിനസുകള്‍ക്ക് വേണ്ടി വഴിവിട്ട വിട്ടുവീഴ്ച ആരോപണങ്ങള്‍ ഉയര്‍ന്ന പല സാഹചര്യങ്ങളും വിഷയത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. ബിജെപി ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളടക്കം അദാനി ബിനിസനസുകള്‍ക്ക് തുച്ഛമായ തുകയ്ക്ക് ഭൂമി കൈമാറ്റം ചെയ്തതടക്കം പല കോടതികളും രൂക്ഷമായി വിമര്‍ശിച്ച സംഭവങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് അദാനിയ്‌ക്കെതിരെ വിധിയുണ്ടായ ഒരു കോടതി ജഡ്ജിനെ മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റിയ സംഭവം രാജ്യമെമ്പാടും ചര്‍ച്ചയാകുന്നത്.
ഈ വര്‍ഷം ജൂലൈയിലുണ്ടായ വിധിയും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദി സ്‌ക്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് രാജസ്ഥാനിലെ സംഭവങ്ങള്‍ പുറത്തുവന്നത്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച ജയ്പൂര്‍ കൊമേഴ്സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. വിധി വന്ന അതേ ദിവസം തന്നെ, സംസ്ഥാനത്തെ ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ ഗുപ്തയെ സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാരുകളാണ് കോമേഴ്ഷ്യല്‍ കോടതി ജഡ്ജിമാരെ നിയമിക്കുന്നത്.
രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയില്‍ നിന്ന് 1,400 കോടിയിലധികം രൂപ അദാനി ഗ്രൂപ്പ് അന്യായമായി കൈപ്പറ്റിയെന്നായിരുന്നു ജൂലൈ 5-ലെ കോടതിയുടെ കണ്ടെത്തല്‍. വിധി വന്ന അതേദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഗുപ്തയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും രാജസ്ഥാന്‍ ഹൈക്കോടതി ഗുപ്തയെ തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ബിയാവറിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതായി ദി സ്‌ക്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഛത്തീസ്ഗഡിലെ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കരാറില്‍ റെയില്‍വേ സൈഡിംഗുകള്‍ നിര്‍മ്മിക്കുന്നതില്‍ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും, അതിന്റെ ഫലമായുണ്ടായ റോഡ് ഗതാഗത ചിലവ് സര്‍ക്കാര്‍ കമ്പനിയുടെ മേല്‍ അടിച്ചേല്‍പ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. ഈ ഇടപാടില്‍ അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴ ചുമത്തിയ ജഡ്ജി, കരാറിനെക്കുറിച്ച് സിഎജി ഓഡിറ്റ് നടത്താനും ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം, അദാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് 50 ലക്ഷം രൂപ പിഴ ചുമത്തിയ ഗുപ്തയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും സംസ്ഥാനവും കമ്പനിയും തമ്മിലുള്ള കരാര്‍ ഓഡിറ്റ് ചെയ്യാന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോട് അഭ്യര്‍ത്ഥിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണുണ്ടായത്. ജഡ്ജിയുടെ അടിയന്തര സ്ഥലംമാറ്റവും വിധിക്കെതിരെയുള്ള സ്റ്റേയും നിലവില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ഗുപ്തയെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ നിയമ-നിയമകാര്യ വകുപ്പാണ് പുറപ്പെടുവിച്ചത്. മറ്റെവിടെയെങ്കിലും നിയമിക്കുന്നതിനായി ജഡ്ജിയെ ഹൈക്കോടതിയുടെ പരിഗണനയയ്ക്കായി തിരിച്ചയയ്ക്കുകയാണെന്ന് അതില്‍ പറഞ്ഞിരുന്നു. അതേ ദിവസം തന്നെ, രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്പൂര്‍ ബെഞ്ച് ഗുപ്തയെ ബീവാറിലെ ജില്ലാ കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖനന വിവാദങ്ങളിലൊന്നിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ജയ്പൂര്‍ കൊമേഴ്സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയുടെ ഈ വിധിയെന്ന കാര്യത്തില്‍ സംശയമില്ല. ഈ വിധിയിലേക്ക് നയിച്ച സംഭവങ്ങളുടെ ചുരുക്കം ഇതാണ്.
2007-ല്‍ ഛത്തീസ്ഗഡിലെ ഹസ്ദിയോ അരന്ദ് വനമേഖലയിലുള്ള ഒരു കല്‍ക്കരി ബ്ലോക്ക്, രാജസ്ഥാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി ഉല്‍പ്പാദന കമ്പനിയായ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡിന് കേന്ദ്ര കല്‍ക്കരി മന്ത്രാലയം അനുവദിച്ചു. സ്വന്തം താപവൈദ്യുത നിലയങ്ങള്‍ക്കായി കമ്പനിക്ക് നേരിട്ട് കല്‍ക്കരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. എന്നാല്‍, രാജസ്ഥാന്‍ സര്‍ക്കാര്‍ കമ്പനി അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭം രൂപീകരിക്കുകയും, ഖനന പ്രവര്‍ത്തനങ്ങള്‍ അതിന് കൈമാറുകയും ചെയ്തു. ഈ സംയുക്ത സംരംഭത്തില്‍ 74 ശതമാനം ഓഹരികളോടെ അദാനി ഗ്രൂപ്പിനായിരുന്നു ഭൂരിപക്ഷാധികാരം.
രാജസ്ഥാന്‍ കമ്പനിയും അദാനിയുടെ നേതൃത്വത്തിലുള്ള ഈ സംയുക്ത സംരംഭവും ഒപ്പിട്ട കരാര്‍ പ്രകാരം, ഛത്തീസ്ഗഡില്‍ നിന്ന് ഖനനം ചെയ്യുന്ന കല്‍ക്കരി റെയില്‍ മാര്‍ഗം മാത്രമേ രാജസ്ഥാനിലേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് നിബന്ധനയുണ്ടായിരുന്നു. ഇതിനായി ഖനിയെ പ്രധാന റെയില്‍വേ പാതയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ട്രാക്കുകള്‍ നിര്‍മ്മിക്കേണ്ട ചുമതല അദാനിയുടെ മേല്‍നോട്ടത്തിലുള്ള കമ്പനിക്കായിരുന്നു. 2013-ല്‍ ഖനനം ആരംഭിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റെയില്‍വേ സൈഡിംഗുകള്‍ നിര്‍മ്മിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്ന്, ട്രാക്കുകള്‍ സജ്ജമാകുന്നത് വരെ ഖനിയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനുകളിലേക്ക് കല്‍ക്കരി എത്തിക്കാന്‍ റോഡ് മാര്‍ഗം ഉപയോഗിക്കാമെന്നും ഇതിനായി ഒരു ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയെ നിയോഗിക്കാമെന്നും ഇരു കമ്പനികളും തമ്മില്‍ ധാരണയായി. എന്നാല്‍, ‘കോള്‍ മൈനിംഗ് ആന്‍ഡ് ഡെലിവറി അഗ്രിമെന്റ്’ എന്ന് വിളിക്കപ്പെടുന്ന ഇവരുടെ യഥാര്‍ത്ഥ കരാറില്‍ റോഡ് ഗതാഗതത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നില്ല.
കല്‍ക്കരി റോഡ് മാര്‍ഗം കടത്തിയ ഇനത്തില്‍ ഉണ്ടായ ചിലവ് അദാനി നയിക്കുന്ന സംയുക്ത സംരംഭം രാജസ്ഥാന്‍ കമ്പനിക്ക് ബില്ലായി നല്‍കി. ഇത് 1,400 കോടി രൂപയിലധികം വന്നിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ കമ്പനി ഈ റോഡ് ഗതാഗത നിരക്കുകള്‍ അദാനിക്ക് നല്‍കി. എന്നാല്‍, ഈ തുക നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് 2018-ല്‍ അദാനി ഗ്രൂപ്പ് പലിശ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കമ്പനി അത് നിരസിച്ചു. ഇതോടെ, 2020-ല്‍ അദാനി ഗ്രൂപ്പ് ജയ്പൂരിലെ കൊമേഴ്സ്യല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ജഡ്ജി ദിനേഷ് ഗുപ്ത വിധി പുറപ്പെടുവിച്ചത് രാജസ്ഥാന്‍ സര്‍ക്കാര്‍ കമ്പനിക്ക് അനുകൂലമായാണ്.
Read more
ഖനി മുതല്‍ അടുത്തുള്ള റെയില്‍വേ ലൈന്‍ വരെ റെയില്‍വേ സൈഡിംഗുകള്‍ നിര്‍മ്മിക്കേണ്ടത് കരാര്‍ പ്രകാരം അദാനി ഗ്രൂപ്പിന്റെ ഉത്തരവാദിത്തമാണെന്ന് ജഡ്ജി വിധിയില്‍ ചൂണ്ടിക്കാട്ടി. റെയില്‍വേ സൈഡിംഗുകള്‍ നിര്‍മ്മിക്കുന്നതില്‍ പരാജയപ്പെട്ട അദാനി ഗ്രൂപ്പ്, അതിന്റെ ഭാരം സര്‍ക്കാര്‍ കമ്പനിയുടെ മേല്‍ അടിച്ചേല്‍പ്പിച്ചുവെന്നായിരുന്നു ജഡ്ജി ഗുപ്തയുടെ നിരീക്ഷണം. ഇതിന് പകരം, 1,400 കോടിയിലധികം രൂപ ഗതാഗത ചിലവായി ഈടാക്കിയ കമ്പനി, പലിശ കൂടി ആവശ്യപ്പെട്ടതിലൂടെ അമിത ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതായും കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്ന്, അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ പര്‍സ കെന്റെ കോളിയറീസ് ലിമിറ്റഡിനോട് 50 ലക്ഷം രൂപ പിഴയടക്കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ, ഈ ഇടപാടിനെക്കുറിച്ച് സിഎജി ഓഡിറ്റ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതായത് സര്‍ക്കാര്‍ കമ്പനിയെ പിഴിയാന്‍ ശ്രമിച്ച അദാനിയെ കോടതി നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിച്ചു. ഈ വിധി വന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ജഡ്ജി ഗുപ്തയ്ക്ക് ബിജെപി സര്‍ക്കാര്‍ വക ട്രാന്‍സ്ഫര്‍. പിന്നാലെ ജൂലൈ 5ന്റെ ജഡ്ജി ഗുപ്തയുടെ ഈ ഉത്തരവ് ജൂലൈ 18-ന് രാജസ്ഥാന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നിലവില്‍ കേസില്‍ വാദങ്ങള്‍ തുടരുകയാണ്. അടുത്ത വാദം 2026 ജനുവരിയില്‍ നടക്കും.







