ആയിരം രൂപ പിഴ അടയ്ക്കുന്നവര്‍ക്ക് ഹെല്‍മറ്റ് സൗജന്യം! 'വമ്പന്‍' ഓഫറുമായി പൊലീസ്

ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിടിയിലാകുന്നവരില്‍ നിന്ന് 1000 രൂപ പിഴയീടാക്കുന്നതാണ് നിലവിലെ നിയമം. പിഴ വര്‍ദ്ധിപ്പിച്ചെന്ന് കരുതി ഇതേ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല. ചിലപ്പോള്‍ ചിലരില്‍ അത് വാശിയുമുണ്ടാക്കും. ഇപ്പോഴിതാ, രാജസ്ഥാന്‍ സര്‍ക്കാര്‍ ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമം നിഷ്‌കര്‍ഷിക്കുന്ന ആയിരം രൂപ പിഴ ഈടാക്കുന്നതിനൊപ്പം “സൗജന്യ”മായി ഇവര്‍ക്ക് ഹെല്‍മറ്റ് നല്‍കുന്ന പദ്ധതിയാണ് പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തിയ നിയമപ്രകാരം ചില പിഴകള്‍ രാജസ്ഥാനില്‍ ചുമത്താനാവില്ലെന്ന് ഗതാഗത മന്ത്രി പ്രതാപ് സിംഗ് ഖചരിയാവാസ് ബുധനാഴ്ച പറഞ്ഞു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് രാജസ്ഥാനില്‍ നടപ്പാക്കൂവെന്നും മന്ത്രി സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 1,000 രൂപ പിഴ നല്‍കുന്നവര്‍ക്ക് സൗജന്യ ഹെല്‍മറ്റ് നല്‍കാന്‍ പദ്ധതിയിടുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെലോട്ട് പുതിയ എംവി നിയമം നടപ്പാക്കുന്ന വിഷയത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. തുടക്കത്തില്‍ രാജസ്ഥാനിലെ ഗതാഗത സുരക്ഷയെ കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഗുരുതരമായ ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗതാഗത ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ നിയമപ്രകാരം ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ 100 രൂപയില്‍ നിന്ന് 1,000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.