രാഹുൽ ഗാന്ധിയുടെ ജമ്മു കശ്മീർ സന്ദർശനത്തെ വിമർശിച്ച് മായാവതി

മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കൾ നടത്തിയ ജമ്മു കശ്മീർ സന്ദർശനത്തെ വിമർശിച്ച് മായാവതി. കേന്ദ്രത്തിനും ജമ്മു കശ്മീർ ഗവർണർക്കും പ്രശ്‌നം രാഷ്ട്രീയവത്കരിക്കാനുള്ള അവസരമാണ് രാഹുലും കൂട്ടരും നൽകിയതെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി പറഞ്ഞു.

സംസ്ഥാനം സന്ദർശിക്കുന്നതിനു മുമ്പ് സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ പ്രതിപക്ഷ നേതാക്കൾ കാത്തിരിക്കണമായിരുന്നെന്ന് അവർ പറഞ്ഞു. ആർട്ടിക്കിൾ 370 അനുശാസിക്കുന്ന പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ കാര്യങ്ങൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

“അൽപ്പം കാത്തിരിക്കുന്നതാണ് നല്ലത്, ബഹുമാനപ്പെട്ട കോടതി പോലും അങ്ങനെയാണ് അഭിപ്രായപ്പെട്ടത്,” മായാവതി പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും നേതാക്കൾ അനുവാദമില്ലാതെ കശ്മീരിലേക്ക് പോകുന്നത് കേന്ദ്രത്തിൽ നിന്നും ഗവർണറിനും വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നൽകുകയല്ലേ ചെയ്യുന്നത്, അവർ ചോദിച്ചു. അവിടെ പോകുന്നതിനുമുമ്പ്, ഒന്നുകൂടി ആലോചിക്കാമായിരുന്നു, മായാവതി പറഞ്ഞു.

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ ശനിയാഴ്ച ശ്രീനഗറിൽ എത്തിയ ഗാന്ധിയെയും മറ്റ് നേതാക്കളെയും വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചയച്ചതിന് പിന്നാലെയാണ് അവരുടെ പരാമർശം.