എനിക്ക് മോദിയോട് ശരിക്കും സ്‌നേഹം തോന്നിയിരുന്നു; പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതിന്റെ കാരണം പരസ്യമാക്കി രാഹുല്‍

പാര്‍ലമെന്റില്‍ കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തത് തനിക്ക് അദ്ദേഹത്തോട് ശരിക്കും സ്‌നേഹം തോന്നിയതു കൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ സ്റ്റെല്ലാ മേരീസ് കോളജിലെ 3000 വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദത്തിനിടെ അവരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഇങ്ങിനെ പറഞ്ഞത്.

“ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നത് ശ്രദ്ധിച്ചു കേട്ടിരിക്കുകയാണ്. എനിക്ക് വ്യക്തിപരമായി അദ്ദേഹത്തോട് യാതൊരു ദേഷ്യവുമില്ല. അദ്ദേഹം വളരെ ക്ഷുഭിതനാണെന്നും കോണ്‍ഗ്രസിനെതിരെയാണ് സംസാരിക്കുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. പക്ഷേ എന്റെ ഉള്ളില്‍ അദ്ദേഹത്തോട് സ്‌നേഹം തോന്നി. ഈ മനുഷ്യന് ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ലല്ലോയെന്നും എന്റെ ഉള്ളില്‍ തോന്നിയ സ്‌നേഹം പ്രകടിപ്പിക്കണമെന്നും തോന്നി. യഥാര്‍ത്ഥത്തില്‍ എന്റെ മനസില്‍ മോദിയോട് സ്‌നേഹമാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.

ചോദ്യങ്ങളെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മടിയെയും രാഹുല്‍ വിമര്‍ശിച്ചു. “നിങ്ങളില്‍ എത്ര പേര്‍ക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചു? എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് 3000 സ്ത്രീകള്‍ക്കു മുമ്പില്‍ നിന്ന് അവരുടെ ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമില്ലാത്തത്? എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

പ്രത്യേകം തയ്യാറാക്കിയ റാമ്പിലൂടെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലേക്കു കടന്നു ചെന്നാണ് രാഹുല്‍ ഉത്തരങ്ങള്‍ നല്‍കിയത്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. ഇത് കയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് വിദ്യാര്‍ത്ഥിനികള്‍ വരവേറ്റത്.