'രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി'; മോദിയുടെ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചെന്ന് ജനങ്ങള്‍ക്കറിയാമെന്ന് അശോക് ഗെഹ്ലോട്ട്

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് ഉറപ്പിച്ചു പറഞ്ഞു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച ഇന്ത്യ മുന്നണിയില്‍ നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകളും കോണ്‍ഗ്രസ് ഇക്കാര്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറയുന്നു. ഇതിനു ശേഷമാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചതെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

പ്രാദേശികമായ കാര്യങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളെ സഖ്യത്തിലേക്ക് എത്തിച്ചതെന്നും എല്ലാ തെരഞ്ഞെടുപ്പിലും നിര്‍ണായകമാകുന്നത് ഈ പ്രാദേശിക വികാരമാണെന്നും അശോക് ഗെഹ്ലോട്ട് പറയുന്നു. ഇന്ത്യയിലെ ഇന്നത്തെ പരിതസ്ഥിതി സഖ്യത്തിലെ എല്ലാ കക്ഷികളേയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ജനങ്ങളാണ് ഇത്തരത്തില്‍ ഒരു സഖ്യത്തിനായി രാഷ്ട്രീയ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

ഒരു പ്രധാനമന്ത്രിയും അഹങ്കാരിയും ധാര്‍ഷ്ട്യം നിറഞ്ഞയാളുമാകരുതെന്ന് പറഞ്ഞ അശോക് ഗെഹ്ലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും മടിച്ചില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുത്, 2014ല്‍ കേവലം 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും മോദിക്കും കൂട്ടര്‍ക്കുമെതിരായിരുന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50% വോട്ടുകള്‍ നേടി അധികാരത്തിലെത്താന്‍ എന്‍ഡിഎ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ നരേന്ദ്ര മോദിക്ക് ഒരിക്കലും അതു നേടാനാകില്ലെന്നു ഗെഹ്‌ലോട്ട് പറഞ്ഞു.

ജനപ്രീതിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 50% വോട്ട് ഉറപ്പാക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മോദിയുടെ വോട്ട് വിഹിതം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

2024 ലെ തിരഞ്ഞെടുപ്പ് ഫലം ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്ന് നിര്‍ണയിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ അടുത്ത കൊല്ലവും ഇവിടെ താന്‍ കൊടിയുയര്‍ത്തുമെന്ന പ്രഖ്യാപനത്തേയും ഗെഹ്ലോട്ട് വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ ഭാവിയെക്കുറിച്ച് പ്രവചനങ്ങള്‍ നടത്താന്‍ സാധ്യമല്ലെന്നും തീരുമാനമെടുക്കുന്നത് മോദിയല്ലെന്നും ജനങ്ങളാണ് ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്നതെന്നും ഗെഹ്ലോട്ട് ഓര്‍മ്മിപ്പിച്ചു.

മോദി നിരവധി വാഗ്ദാനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ മോദിയുടെ ആ വാഗ്ദാനങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.