അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചു; ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക അസമത്വം രാജ്യത്തിന്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അടിത്തറയെ തകര്‍ക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. മുകേഷ് അംബാനി ആയിരക്കണക്കിന് കോടി രൂപയാണ് മകന്റെ വിവാഹത്തിന് ചെലവാക്കിയതെന്ന് രാഹുല്‍ പറഞ്ഞു.

ഭരണഘടനയെ ബിജെപി അട്ടിമറിക്കുകയാണെന്നും രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ സോനിപത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ വിവാഹം നടത്താന്‍ സാധാരണക്കാരുടെ ബാങ്ക് അക്കൌണ്ടുകളില്‍ പണമില്ല. ബാങ്കില്‍ നിന്ന് വായ്പ എടുക്കാതെ വിവാഹം നടത്താന്‍ സാധിക്കില്ലെന്നതാണ് സാധാരണക്കാരുടെ അവസ്ഥ. കര്‍ഷകര്‍ക്ക് ഒരു വിവാഹം നടത്തണമെങ്കില്‍ കടത്തില്‍ മുങ്ങണം.

Read more

നിങ്ങള്‍ കുട്ടികളെ വിവാഹം കഴിക്കാന്‍ ബാങ്ക് വായ്പയെടുക്കുന്നു, എന്നാല്‍ തിരഞ്ഞെടുത്ത 25 പേര്‍ക്ക് വിവാഹത്തിന് കോടികള്‍ ചെലവഴിക്കാന്‍ കഴിയുന്ന അത്തരമൊരു ഘടനയാണ് നരേന്ദ്ര മോദി ഉണ്ടാക്കിയിരിക്കുന്നത്. കടക്കെണിയില്‍ മുങ്ങി മാത്രമേ കര്‍ഷകന് ഒരു കല്യാണം നടത്താന്‍ കഴിയൂ. ഇത് ഭരണഘടനയ്ക്കെതിരായ ആക്രമണമല്ലെങ്കില്‍, പിന്നെ എന്താണെന്നും രാഹുല്‍ ചോദിച്ചു.