"ഇന്ത്യയിൽ ഖിലാഫത്ത്" കാബൂളിൽ ഭീകരാക്രമണം നടത്തിയ ഐ.എസ് ഭീകരരുടെ ലക്ഷ്യം: രഹസ്യാന്വേഷണ വിഭാഗം

.

ഇന്ത്യയിൽ ഖിലാഫത്ത് ഭരണം സ്ഥാപിക്കുക എന്നതും ഐഎസ് ഭീകരരുടെ ആശയപരമായ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. ഐഎസ് ഭീകരരാണ് വ്യാഴാഴ്ച കാബൂളിൽ നടന്ന മാരകമായ ബോംബാക്രമണങ്ങൾക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

ഐഎസ്-കെ അല്ലെങ്കിൽ ഐഎസ്ഐഎസ്-കെ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ, മധ്യേഷ്യയിലേക്കും പിന്നീട് ഇന്ത്യയിലേക്കും ജിഹാദ് ‘കയറ്റുമതി’ ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

“ഇന്ത്യയിൽ ഭീകരാക്രമണങ്ങളും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഐഎസ് ഭീകരരുടെ അജണ്ടകളിൽ മുൻപന്തിയിൽ ഉണ്ട്. സൈദ്ധാന്തികമായി, അവർ ഖിലാഫത്ത് ഭരണം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു, അതിൽ ഇന്ത്യയും ഉൾപ്പെടുന്നു,” സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

കേരളത്തിൽ നിന്നും മുംബൈയിൽ നിന്നുമുള്ള ചെറുപ്പക്കാർ ഐഎസിൽ ചേർന്നിട്ടുണ്ടെന്നും അക്രമാസക്തരായ ഈ സംഘം തല്പരരായവരിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

താലിബാൻ അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതോടെ രാജ്യം തീവ്രവാദ സംഘങ്ങളുടെ ഒരു വിളനിലമായി ഉയർന്നുവരികയാണ്. ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്ക് പേരുകേട്ട പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം കാണ്ഡഹാറിന്റെ അതിർത്തിയായ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലേക്ക് മാറിയതായാണ് രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെടുന്നത്.

അഫ്ഗാൻ ജനതയ്ക്ക് താലിബാൻ വാഗ്ദാനം ചെയ്ത സുരക്ഷ അവർക്ക് നൽകാൻ കഴിയില്ലെന്ന് തെളിയിക്കാനാണ് കാബൂളിൽ ഇന്നലെ ഐഎസ് ഭീകരാക്രമണങ്ങൾ നടത്തിയത് എന്നാണ് സൂചന.

അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയാവാൻ ഐഎസ്-കെ ആഗ്രഹിക്കുന്നു. മാത്രമല്ല അവരുടെ ഭീകരതയ്ക്കെതിരെ ഏതെങ്കിലും രൂപത്തിൽ സാന്നിധ്യം വിപുലീകരിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കാനും ഐഎസ്-കെ ആഗ്രഹിക്കുന്നു, അത് താലിബാനെതിരെ ഐഎസ്-കെയുടെ സ്വാധീനം വർദ്ധിപ്പിക്കും.

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 2014 അവസാനത്തോടെയാണ് ഐഎസ്-കെ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പെട്ടെന്ന് തന്നെ അവർ അതിക്രൂരതയ്‌ക്ക്‌ കുപ്രസിദ്ധി നേടി. പാകിസ്ഥാൻ സുരക്ഷാ സേനയുടെ അടിച്ചമർത്തൽ നേരിട്ടതോടെ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്ത പാകിസ്ഥാനി താലിബാൻ തീവ്രവാദികളാണ് ഇത് സ്ഥാപിച്ചതെന്നാണ് ഈ മേഖലയിലെ ഇസ്ലാമിസ്റ്റ് ഭീകരതയെക്കുറിച്ച് പഠിക്കുന്ന ചില വിദഗ്ദ്ധർ പറയുന്നത്.

യു.എസ് ഉദ്യോഗസ്ഥർ പറയുന്നത് ഐഎസ്-കെ- ൽ അഫ്ഗാനിസ്ഥാനികളെ കൂടാതെ മറ്റ് തീവ്രവാദ സംഘങ്ങളിൽ നിന്നുള്ള പാകിസ്ഥാനികളും ഉസ്ബെക്ക് തീവ്രവാദികളും ഉൾപ്പെടുന്നു എന്നാണ്.

അഫ്ഗാനിസ്ഥാന്റെ പാശ്ചാത്യ പിന്തുണയുള്ള മുൻ സർക്കാരിനോടും താലിബാനോടും Iഐഎസ്-കെ പോരാടിയിട്ടുണ്ട്. പക്ഷേ ഇറാഖിലെയും സിറിയയിലെയും പ്രധാന ഐഎസ്ഐഎസ് സംഘവുമായി അതിന്റെ കൃത്യമായ പ്രവർത്തന ബന്ധം ഇപ്പോഴും അവ്യക്തമാണ്.