"വ്യാജ വാർത്തകൾ കൂടുന്നു, പക്ഷപാതരഹിതമായ മാധ്യമപ്രവർത്തനം ഉറപ്പാക്കണം": സുപ്രീം കോടതി ജഡ്ജി

ഒരു ജനാധിപത്യ രാജ്യത്ത് അസത്യങ്ങൾ, തെറ്റായ ആഖ്യാനങ്ങൾ, വ്യാജ വാർത്തകൾ എന്നിവയ്‌ക്കെതിരെ സർക്കാരുകൾ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ശനിയാഴ്ച രാവിലെ പറഞ്ഞു. ഭരണകൂടത്തിന്റെ നുണകൾ വെളിപ്പെടുത്താനുള്ള കടമ ബുദ്ധിജീവികൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ വിവരങ്ങളും, നിലവിലെ സാഹചര്യത്തിൽ ആരോഗ്യരംഗത്തെ വിവരങ്ങളും ലഭിക്കുന്നതിന് സർക്കാരിനെ അമിതമായി ആശ്രയിക്കുന്നതിനെതിരെയും ഡി.വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി. കോവിഡ് -19 വിവരങ്ങളുടെ വളച്ചൊടിക്കലും ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആറാമത് ചീഫ് ജസ്റ്റിസ് എം.സി ചഗ്ല മെമ്മോറിയൽ പ്രഭാഷണത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യങ്ങൾ പറഞ്ഞത്.

“ഒരാൾക്ക് സത്യസന്ധമായ വിവരങ്ങൾക്ക് ഭരണകൂടത്തെ മാത്രം ആശ്രയിക്കാനാവില്ല. സ്വേച്ഛാധിപത്യ സർക്കാരുകൾ അധികാരം ഉറപ്പിക്കാൻ അസത്യങ്ങളെ നിരന്തരം ആശ്രയിക്കുന്നതിൽ പ്രശസ്തരാണ് … ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങളിൽ സർക്കാരുകൾ കൃത്രിമത്വം കാണിക്കുന്ന പ്രവണത വർദ്ധിക്കുന്നതായി നമ്മൾ കാണുന്നു,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

കോവിഡ് രോഗത്തിന്റെ യഥാർത്ഥ വ്യാപനം മറയ്ക്കാൻ സർക്കാരുകൾ കോവിഡ് വിവരങ്ങൾ വ്യാജമായി കെട്ടിച്ചമച്ചിരിക്കാമെന്ന് വിദഗ്ദ്ധരും സന്നദ്ധപ്രവർത്തകരും പത്രപ്രവർത്തകരും പ്രകടിപ്പിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമർശങ്ങൾ.

“വ്യാജ വാർത്തകളുടെ പ്രതിഭാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പകർച്ചവ്യാധി സമയത്ത് ലോകാരോഗ്യ സംഘടന ഇത് തിരിച്ചറിഞ്ഞു … ഇതിനെ ‘ഇൻഫെഡെമിക്’ എന്ന് വിളിക്കുന്നു. ഉദ്വേഗജനകമായ വാർത്തകളിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രവണത മനുഷ്യർക്കുണ്ട് … ഇത്തരം വാർത്തകൾ പലപ്പോഴും അസത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്,” അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ – ലോകമെമ്പാടും പകർച്ചവ്യാധി പടരാൻ തുടങ്ങിയപ്പോൾ – “തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള മനഃപൂർവ്വമായ ശ്രമങ്ങൾ” ഉൾപ്പെടെയുള്ള വ്യാജ വാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും തരംഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

ട്വിറ്റർ, ഫേയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തെറ്റായ ഉള്ളടക്കം നൽകുന്നതിനെതിരെ ഉത്തരവാദികളായിരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം ആളുകൾ ജാഗ്രത പുലർത്തണമെന്നും, മാത്രമല്ല വ്യത്യസ്ത അഭിപ്രായങ്ങൾ വായിക്കാനും ചർച്ച ചെയ്യാനും ഒരുപക്ഷേ സ്വീകരിക്കാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

‘പോസ്റ്റ്-ട്രൂത്ത് (സത്യാനന്തര)’ ലോകത്ത് “ഞങ്ങളുടെ സത്യവും നിങ്ങളുടെ സത്യവും” തമ്മിൽ ഒരു മത്സരമുണ്ട്, കൂടാതെ ഒരു വ്യക്തിയുടെ ധാരണയുമായി പൊരുത്തപ്പെടാത്ത ‘സത്യം’ അവഗണിക്കുന്ന പ്രവണതയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നമ്മൾ ജീവിക്കുന്നത് ഒരു സത്യാനന്തര ലോകത്താണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദപ്പെട്ടവരാണ് … എന്നാൽ പൗരന്മാർക്കും ഉത്തരവാദിത്തമുണ്ട്. നമ്മൾ അടഞ്ഞ മുറികളിലേക്ക് ചുരുങ്ങുന്നു, നമ്മളെ എതിർക്കുന്ന വിശ്വാസ പ്രമാണങ്ങളെ ഇഷ്ടപ്പെടുന്നില്ല …സാമൂഹികമായും സാമ്പത്തികമായും മതപരമായും കൂടുതൽ വിഭജിക്കപ്പെട്ട ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

“നമ്മുടെ വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന പത്രങ്ങൾ മാത്രമേ നമ്മൾ വായിക്കുകയുള്ളൂ … നമ്മളുടെ വിശ്വാസധാരയിൽ ഉൾപ്പെടാത്ത ആളുകൾ എഴുതിയ പുസ്തകങ്ങൾ നമ്മൾ അവഗണിക്കുന്നു … മറ്റൊരാൾ വ്യത്യസ്തമായ അഭിപ്രായം പറയുമ്പോൾ നമ്മൾ ടി.വി നിശബ്ദമാക്കുന്നു … ‘നമ്മൾ’ ശരിയാണ് ‘ എന്ന് കരുതുമ്പോൾ പലപ്പോഴും നമ്മൾ സത്യത്തെ അവഗണിക്കുന്നു” ജസ്റ്റിസ് ചന്ദ്രചൂഡ് വിശദീകരിച്ചു.

“വ്യാജവാർത്തകളെ പ്രതിരോധിക്കാൻ നമ്മൾ നമ്മുടെ പൊതുസ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം. രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു സ്വാധീനവും ഇല്ലാത്ത ഒരു മാധ്യമ സംവിധാനം നമ്മൾ ഉറപ്പുവരുത്തണം. നിഷ്പക്ഷമായ രീതിയിൽ വിവരങ്ങൾ നൽകുന്ന മാധ്യമങ്ങൾ നമുക്ക് വേണം,” അദ്ദേഹം പറഞ്ഞു.

അസത്യത്തിൽ നിന്ന് സത്യത്തെ വേർതിരിച്ചറിയാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന, കൂടാതെ അവർക്ക് അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യാൻ സാധിക്കുന്ന ഒരു നല്ല അന്തരീക്ഷം സ്കൂളുകളിലും കോളേജുകളിലും വേണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ചുറ്റുമുള്ളവരോട് ദയയും കൂടുതൽ സംവേദനക്ഷമതയും പുലർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു, “മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട ഉടനെ അവരെ വിലയിരുത്താൻ നമ്മൾ തിടുക്കപ്പെടരുത്. ലിംഗഭേദം, ജാതി, മതം, ഭാഷ അല്ലെങ്കിൽ സാമ്പത്തിക നില എന്നിവ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ നീക്കംചെയ്യേണ്ടതുണ്ട്.” ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.