30 കോടിയുടെ തട്ടിപ്പ്; പൂനെ ബിൽഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡിനെതിരെ കേസെടുത്ത് സിബിഐ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പൂനെ ബിൽഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡിനും പ്രമോട്ടർമാർക്കുമെതിരെ സിബിഐ കേസെടുത്തു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 2013-16 കാലയളവിൽ മുപ്പത് കോടി രൂപയിലധികം കബളിപ്പിച്ചുവെന്നാരോപിച്ചാണ് മുംബൈ ആസ്ഥാനമായുള്ള പുണെ ബിൽഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സിബിഐ കേസെടുത്തത്.

പിബിപിഎല്ലിന്റെ പ്രമോട്ടർമാരായ ഇസ്ഹാഖ് യൂസഫ് ബൽവ, ജവർദ്ധൻ വിനോദ് ഗോയങ്കെ എന്നിവർക്കെതിരെയും സിബിഐ കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. “പിബിപിഎൽ പൂനെയിലെ യെർവാദയിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിക്ക് പഞ്ചാബ് നാഷണൽ ബാങ്കും, ഇന്ത്യൻ ബാങ്കും 102 കോടി രൂപ വീതം വായ്പയായി അനുവദിക്കുകയും ചെയ്യ്തിരുന്നു.

ആദ്യഘട്ടത്തിൽ 30 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് വിതരണം ചെയ്തു. എന്നാൽ 2G സ്പെക്ട്രം കേസിൽ ഇരുവരും പ്രതിചേർക്കപ്പെടുകയും മുൻസിപ്പൽ കോർപ്പറോഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയും വന്നതോടെ പദ്ധതി വൈകിയെന്നും  എൻഡിടിവി കണ്ടെത്തിയ പരാതിയിൽ പഞ്ചാബ് നാഷണൽ ബാങ്ക് പറയുന്നു.

കുടിശ്ശിക തിരിച്ചടക്കാത്തതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പാണെന്ന് പ്രഖ്യാപിക്കുകയും 2021 മാർച്ച് 22 ന് 30.13 കോടി രൂപയുടെ തട്ടിപ്പ് ബാങ്കിൽ  നടന്നെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിക്കുകയും ചെയ്തിട്ടുണ്ടന്ന് എഫ്ഐആർ പറയുന്നു. അഴിമതി, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ്  സിബിഐ പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.