ജെ.എൻ.യു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച്‌; പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ; അമ്പതോളം വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഡൽഹിയിലെ ജവഹര്‍ലാൽ നെഹ്‌റു സർവകലാശാലയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ച് കാമ്പസിനു സമീപം പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ. ബാരിക്കേഡുകൾ തകർത്ത മുന്നോട്ട് വരാൻ ശ്രമിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വന്ന വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷടക്കം അമ്പതോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ നടന്ന ഹോസ്റ്റൽ ഫീസ് വർദ്ധന പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കർശന സുരക്ഷയ്ക്കിടയിലും പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ മാർച്ച് തുടങ്ങിയത്. ബുധനാഴ്ച ജെ.എൻ‌.യു ഭരണകൂടം ഫീസ് വർദ്ധന ഭാഗികമായി പിൻവലിച്ചെങ്കിലും, നടപടി കണ്ണിൽ പൊടിയിടൽ ആണെന്ന് പറഞ്ഞു വിദ്യാർത്ഥി യൂണിയൻ പ്രതിഷേധം തുടരുകയായിരുന്നു.

ഹോസ്റ്റൽ ഫീസ് വർദ്ധനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഡൽഹിയിലെ ജെ.എൻ.യു കാമ്പസിന് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് വിദ്യാർത്ഥി പ്രക്ഷോഭം. 700- ഓളം പൊലീസ് ഉദ്യോഗസ്ഥരെയും സി.ആർ.പി.എഫ് പട്ടാളക്കാരെയും സർവകലാശാല കാമ്പസിന് പുറത്ത് വിന്യസിച്ചിരുന്നു. ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ (ജെ.എൻ.യു.ടി.എ) ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

പ്രതിഷേധ മാർച്ചിന് മുന്നോടിയായി പാർലമെന്റിന് സമീപം 144 വകുപ്പ് ചുമത്തിയതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ശിപാർശ ചെയ്യുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഇന്ന് ഉന്നതാധികാര പാനൽ രൂപീകരിച്ചു. മൂന്നംഗ സമിതിയിൽ മുൻ യുജിസി ചെയർമാൻ പ്രൊഫസർ വി എസ് ചൗഹാൻ, എ ഐ സി ടി ഇ ചെയർമാൻ പ്രൊഫസർ അനിൽ സഹസ്രബുധെ, യുജിസി സെക്രട്ടറി പ്രൊഫസർ രജനിഷ് ജെയിൻ എന്നിവർ ഉൾപ്പെടുന്നു.

“മേൽപ്പറഞ്ഞ സമിതി വിദ്യാർത്ഥികളുമായും സർവകലാശാലാ ഭരണകൂടവുമായും ഉടൻ സംഭാഷണം ആരംഭിക്കാനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ശിപാർശകൾ സമർപ്പിക്കാനും അഭ്യർത്ഥിക്കുന്നു,” മന്ത്രാലയ ഉത്തരവിൽ പറയുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കേന്ദ്ര സർവകലാശാല ബ്യൂറോ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സമിതി വിദ്യാർത്ഥികളുമായും അധികാരികളുമായും സംഭാഷണം ആരംഭിക്കുകയും വിവാദപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളെ കുറിച്ച് ജെഎൻയു ഭരണകൂടത്തെ ഉപദേശിക്കുകയും ചെയ്യുമെന്ന് വാർത്താ ഏജൻസി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.