മണല്‍ഖനികളുടെ ലേലത്തില്‍ പ്രതിഷേധം; കല്ലേറ്, ലാത്തിച്ചാര്‍ജ്, ബിഹാറില്‍ സ്ത്രീകളെയടക്കം വിലങ്ങുവെച്ച് പൊലീസ്

ബിഹാറില്‍ മണല്‍ ഖനികളുടെ ലേലത്തിനിടെ ഗ്രാമീണരുടെ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലേലത്തിനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായിട്ടാണ് ഏറ്റമുട്ടല്‍ ഉണ്ടായത്.

ബിഹാറിലെ ഗയ ജില്ലയിലായിരുന്നു സംഭവം. ലേലത്തിനിടെ ഗ്രാമവാസികള്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിയും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. ഇവരില്‍ ചിലര്‍ക്ക് സംഘര്‍ഷത്തില്‍ നിസാര പരിക്കറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവര്‍ അറിയിച്ചു.

അതേസമയം സ്ത്രീകളും പുരുഷന്മാരും നിലത്ത് ഇരുന്ന് കൈകൂപ്പി നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നു.

സംസ്ഥാനത്തെ അനധികൃത മണല്‍ ഖനനം നേരിടാന്‍ ബിഹാര്‍ സ്റ്റേറ്റ് മൈനിംഗ് കോര്‍പ്പറേഷന്‍ ഈ മാസം ആദ്യം എല്ലാ മണല്‍ ഖനന സ്ഥലങ്ങളിലും പരിസ്ഥിതി ഓഡിറ്റ് നടത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് നിയോഗിച്ചിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ സാങ്കേതിക വിദ്യയും ഡ്രോണുകളും ഉപയോഗിച്ച് മണല്‍ത്തിട്ടകള്‍ പരിശോധിക്കും.