ജില്ലയുടെ പേര് മാറ്റിയതില്‍ പ്രതിഷേധം; ആന്ധ്രയില്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും വീടിന് തീയിട്ടു

ആന്ധ്രപ്രദേശില്‍ ജില്ലയുടെ പേര് മാറ്റിയതില്‍ വ്യാപക പ്രതിഷേധം. ഗതാഗതമന്ത്രി വിശ്വരൂപിന്റെയും ഒരു എംഎല്‍എയുടെയും വീടിന് സമരക്കാര്‍ തീയിട്ടു. കൊനസീമ പരിരക്ഷണ സമിതിയും, കൊനസീമ സാധന സമിതിയുടെയും മറ്റ് സംഘടനകളുടെയും പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊനസീമ ജില്ലയുടെ പേര് അംബേദ്കര്‍ കൊനസീമ എന്നാക്കിമാറ്റിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. മന്ത്രിയുടെയും എംഎല്‍എയുടെയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പൊലീസ് വാഹനവും സ്‌കൂള്‍ ബസും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു. 40 പ്രതിഷേധക്കാര്‍ക്കും ഗുരുതര പരിക്കേറ്റതായാണ് വിവരം.

കഴിഞ്ഞമാസം നാലിനാണ് ജില്ലയുടെ പേര് അംബേദ്കര്‍ കൊനസീമ എന്നാക്കി മാറ്റിയത്. പേര് മാറ്റിയതില്‍ കൊനസീമ സാധന സമിതി നടത്തിയ പ്രതിഷേധം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ജില്ലയ്ക്ക് അംബേദ്കറിന്റെ പേര് നല്‍കിയതില്‍ അഭിമാനിക്കുന്നതിന് പകരം സാമൂഹ്യ വിരുദ്ധര്‍ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി തനേതി വനിത പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.