പ്രിയങ്ക പിന്മാറിയത് ഒരേസമയം മൂന്നു പേര്‍ ഒരേ കുടുംബത്തില്‍ നിന്ന് മത്സരിക്കുന്നത് ഒഴിവാക്കാന്‍

ഇത്തവണ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്ന് സൂചന. ഒരേസമയം മൂന്നു പേര്‍ ഒരു കുടുംബത്തില്‍ നിന്ന് മത്സരിക്കുന്നത് വിമര്‍ശകര്‍ ആയുധമാക്കുമെന്ന് കരുതിയാണ് പ്രിയങ്ക ഗാന്ധി പിന്മാറിയയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുടുംബാധിപത്യമെന്ന വിമര്‍ശനം രൂക്ഷമാകുന്നത് തടയുന്നതിന് ഇതിലൂടെ സാധിക്കുമെന്നും പാര്‍ട്ടി കരുതുന്നു.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ച് തോറ്റ അജയ് റായിയെ വാരണാസിയില്‍ പ്രഖ്യാപിച്ചത് പ്രിയങ്കയുടെ അനുമതിയോടെയാണെന്ന് പാര്‍ട്ടി വ്യക്തമാക്കി.വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്കയെ ഇറക്കി ശക്തമായ മത്സരത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

2014ലെ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 75,614 വോട്ടുകള്‍ മാത്രമാണ് അന്നു വാരണാസിയില്‍ നിന്നു ലഭിച്ചത്. നരേന്ദ്രമോദിക്ക് 5,81,022 വോട്ടുകളായിരുന്നു ലഭിച്ചത്.