യു.പിയില്‍ പ്രിയങ്ക പണി തുടങ്ങി; ജില്ലാ അദ്ധ്യക്ഷന്‍മാരുടെ പ്രായം 40- ല്‍ നിജപ്പെടുത്തി

യു. പിയില്‍ ഏറ്റ വന്‍ പരാജയത്തിന് മറുമരുന്നുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കി ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയെ അപ്പാടെ മാറ്റി മറിക്കുവാനൊരുങ്ങുകയാണ് പ്രിയങ്ക. ഇതിന്റെ ഭാഗമായി യു. പിയിലെ ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരുടെ പ്രായം നാല്‍പതില്‍ താഴെയാക്കി നിജപ്പെടുത്തി.

പാര്‍ട്ടിയുടെ തലപ്പത്തേക്ക് പുതുരക്തങ്ങളെ കൊണ്ടു വരണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രിയങ്കയുടെ നടപടി. സംസ്ഥാനത്തെ ആകെ ജില്ലാ അദ്ധ്യക്ഷന്‍മാരില്‍ പകുതിയോളം പേരെങ്കിലും നാല്‍പത് തികയാത്തവരായിരിക്കണമെന്നാണ് നിര്‍ദ്ദേശം.

കൂടാതെ കൂടുതല്‍ വനിതകളേയും ദളിത് വിഭാഗത്തില്‍ പെട്ടവരേയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. ഇതിനിടെ വന്‍പരാജയം ഏറ്റുവാങ്ങിയ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജീവന്‍ നല്‍കാന്‍ കിഴക്കന്‍ യു.പിയില്‍ പര്യടനത്തിനൊരുങ്ങുകയാണ് പ്രിയങ്ക.