സോന്‍ഭദ്ര വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനുള്ള പ്രിയങ്കയുടെ ആവശ്യം അംഗീകരിച്ച് അധികൃതര്‍ 

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിവെച്ചുകൊന്നവരുടെ ബന്ധുക്കളെ കാണാനുള്ള പ്രിയങ്കയുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചു. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച തടഞ്ഞതില്‍ പ്രതിഷേധിച്ച് നീണ്ട 24 മണിക്കൂര്‍ നടത്തി വന്ന കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് അധികൃതര്‍ ആവശ്യം അംഗീകരിച്ചത്.

ഇന്നലെയാണ് സോന്‍ഭദ്രയിലേക്കുള്ള യാത്രാമധ്യേ പോലീസ് പ്രിയങ്കയെ വഴിയില്‍ തടഞ്ഞത്. അതോടെ കുത്തിയിരിപ്പ് സമരം തുടങ്ങുകയായുരുന്നു. ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചുനാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. അവിടെയും കുത്തിയിരിപ്പ് തുടര്‍ന്നു.രാത്രിയിലും സമവയാചര്‍ച്ചകളുമായി ഉദ്യോഗസ്ഥരെത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനിടയില്‍ വെള്ളവും വൈദ്യുതിയും അടക്കം ഗസ്റ്റ് ഹൗസില്‍ നിഷേധിച്ചുവെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തി. ഒടുവില്‍ ഇന്ന് രാവിലെ ബന്ധുക്കളെ മിര്‍സാപുരിലെത്തിച്ച് കാണാന്‍ അവസരമുണ്ടാക്കാമെന്ന് അറിയിക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ കുറച്ച് പേരെ മാത്രമാണ് തന്നെ കാണാന്‍ അനുവദിച്ചിട്ടുള്ളവെന്നും ബാക്കിയുള്ളവരെ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. വെടിവെപ്പില്‍ പരിക്കേറ്റവരെ വരാണസിയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി സോന്‍ഭദ്രയിലേക്ക് തിരിച്ചത്. എന്നാല്‍ പ്രിയങ്ക ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുമ്പായി സോന്‍ഭദ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അവരെ മിര്‍സാപുരില്‍ വെച്ച് തടയുകയുമായിരുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിലാണ് ഇവരെ മിര്‍സാപുരിലെ ചുനാര്‍ ഗസ്റ്റ്ഹൗസിലേക്കു മാറ്റിയത്.

ഇന്ന് രാവിലെ സോന്‍ഭദ്രയിലേക്ക് തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ വരാണസി വിമാത്താളത്തില്‍ തടഞ്ഞുവെക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇവര്‍ വിമാനത്താളത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്. ബിഎസ്പി നേതാവ് മായാവതിയും പ്രവര്‍ത്തകരോട് സോന്‍ഭദ്രയിലേക്ക് പോയി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സോന്‍ഭദ്ര ജില്ലയില്‍ ഉഭ ഗ്രാമത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ 10 പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

ഗ്രാമമുഖ്യന്‍ യാഗ്യ ദത്ത് രണ്ടുവര്‍ഷംമുമ്പ് 36 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തി. ട്രാക്ടറുകളും എത്തിച്ചു നിലമുഴാന്‍ തുടങ്ങി. ഈ നീക്കം ഗ്രാമവാസികള്‍ തടഞ്ഞു. തുടര്‍ന്ന് ഗ്രാമമുഖ്യന്റെ അനുയായികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.