മഹാത്മാ ഗാന്ധിയെ ബോധപൂര്‍വ്വം ആക്രമിക്കുന്നു, ബി.ജെ.പിക്ക് എതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഛത്തീസ്ഗഡില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ ആള്‍ദൈവം കാളീചരണ്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാജ്യത്ത് മഹാത്മാ ഗാന്ധിയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനായുള്ള അന്തരീക്ഷം ബിജെപി മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

”ഇത്തരത്തിലുള്ള അന്തരീക്ഷം മനഃപൂര്‍വം സൃഷ്ടിക്കുകയാണ്. ഭരണകക്ഷിയും അവരുടെ അനുബന്ധ ഗ്രൂപ്പുകളും മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ള നേതാക്കളാരും അവരെ എതിര്‍ക്കുന്നില്ല,”പ്രിയങ്ക പറഞ്ഞു.

മഹാത്മാഗാന്ധിയെ വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുമ്പോഴും കാളീചരണ്‍ മഹാരാജ് ഉപയോഗിച്ചത് മോശം ഭാഷയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് ഛത്തീസ്ഗഡില്‍ മഹാത്മാഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിച്ചതിന് കാളീചരണ്‍ മഹാരാജ് അറസ്റ്റിലായത്. മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുന്നത് പാപമാണെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

ഡിസംബര്‍ 26ന് റായ്പൂരില്‍ എത്തിയ കാളീചരണ്‍ മഹാരാജ് ധര്‍മ്മ സന്‍സദില്‍ സംസാരിക്കുകയും മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. ‘രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്ലാമിന്റെ ലക്ഷ്യം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്‌സെയെ സല്യൂട്ട് ചെയ്യുന്നു എന്നും കാളിചരണ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മധ്യപ്രദേശിലെ ഖജുരാഹോയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് കാളിചരണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്വേഷ പ്രചാരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്.