പ്രധാനമന്ത്രി ദേശീയ പതാകയെ അപമാനിച്ചു; 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പെയിനിലെ ചിത്രം പതാക കോഡിന്റെ ലംഘനമെന്ന് പരാതി

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിന് എതിരെ പരാതി. സാമൂഹ്യമാധ്യമങ്ങളില്‍ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് ഇന്ത്യന്‍ ഫ്‌ളാഗ് കോഡിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയകൃഷ്ണനാണ് പരാതി നല്‍കിയത്.

കേരള സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ പതാക ദീര്‍ഘ ചതുരത്തിലുള്ള മൂന്ന് നിറങ്ങള്‍ ചേര്‍ന്നുള്ളതാണെന്ന് ഭേദഗതി വരുത്തിയ ഫ്‌ളാഗ് കോഡില്‍ പറയുന്നുണ്ട്. വൃത്താകൃതിയില്‍ ഇന്ത്യയുടെ ദേശീയ പതാക എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് പതാക കോഡിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് മാതൃകയാവേണ്ട ഭരണാധികാരികള്‍ തന്നെ ഇത്തരത്തില്‍ ദേശീയപതാകയെ അപമാനിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

ദേശീയ പതാകയെ അപമാനിച്ചതിന് മാതൃകാപരമായ നടപടി സ്വീകരിക്കണം. ബുധനാഴ്ച പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കും. തുടര്‍ന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കുമെന്നും് ജയകൃഷ്ണന്‍ അറിയിച്ചു.

എല്ലാ ഇന്ത്യാക്കാരും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി വെക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ ആവശ്യപ്പെട്ടത്. ആഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും പതാക ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.