രാജ്യത്തെ കർഷകരുടെ സത്യാഗ്രഹത്തിന് മുന്നിൽ അഹങ്കാരം തല കുനിച്ചു: രാഹുൽ ഗാന്ധി

രാജ്യത്തെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തോട് പ്രതികരിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരുടെ സത്യാഗ്രഹത്തിന് മുന്നിൽ അഹങ്കാരം തല കുനിച്ചു എന്ന് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങൾ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ കുറിപ്പ്:

“രാജ്യത്തിന്റെ അന്നദാതാവ് സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തിന്റെ തല കുനിപ്പിച്ചു.
അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങൾ!
ഇന്ത്യയെ വാഴ്ത്തുക, ഇന്ത്യയുടെ കർഷകനെ വാഴ്ത്തുക!”

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന സമരം അവസാനപ്പിക്കണമെന്ന് കർഷകരോട് അഭ്യർത്ഥിച്ചു. സിഖ് സ്ഥാപകൻ ഗുരു നാനാക്കിന്റെ ജന്മദിനം ആഘോഷിക്കുന്ന ഗുരു പുരബിലാണ് പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയുമാണ് മോദി സർക്കാരിന്റെ പ്രഖ്യാപനം.

കാര്‍ഷിക മേഖലയെ കൂടുതല്‍ പരിഷ്‌കരിക്കുന്നതിനായാണ് മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇവ കൊണ്ടുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. എന്നിരുന്നാലും, എത്ര ശ്രമിച്ചിട്ടും ചില കര്‍ഷകര്‍ക്ക് നിയമങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടില്ല. ഒരു വിഭാഗം കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ല എന്നതില്‍ താൻ ക്ഷമ ചോദിക്കുന്നു എന്നും മോദി പറഞ്ഞു.

ഗുരുനാനാക്ക് ജയന്തി ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ മഹോബയിൽ ജലസേചനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രതിരോധ മന്ത്രാലയവും ഉത്തർപ്രദേശ് സര്‍ക്കാരും സംഘടിപ്പിക്കുന്ന ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിനായി ഝാൻസിയിലേക്ക് പുറപ്പെടും.