മാധ്യമ സ്വാതന്ത്ര്യ നിഷേധത്തിന് പ്രസ് കൗണ്‍സില്‍ കയ്യൊപ്പിടുമ്പോള്‍

കെ. സുനില്‍ കുമാര്‍

“പത്രങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ അവരെ സഹായിക്കുക” എന്നതാണ് 1965-ല്‍ രൂപീകൃതമായ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഭീഷണി നേരിട്ട പല ഘട്ടങ്ങളിലും ഇതിന് വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ ജമ്മു കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം പൂര്‍ണമായും തടയപ്പെടുമ്പോള്‍ അതിനെ അനുകൂലിച്ച പ്രസ് കൗണ്‍സില്‍ ചെയര്‍മാന്റെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് നിലപാട് തിരുത്താന്‍ കൗണ്‍സില്‍ തയ്യാറായി എന്നത് ആശ്വാസകരമാണ്.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും 370-ാം വകുപ്പനുസരിച്ചുള്ള പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ ഉയരാവുന്ന പ്രതിഷേധങ്ങള്‍ ജനങ്ങള്‍ക്കിയിലെത്തുന്നത് നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം അവിടെ എന്തു നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ കശ്മീരില്‍ നിന്നുള്ള മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, ടെലിഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാവിധ വിനിമയ സംവിധാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും പ്രധാന രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിന് പൊതു പ്രവര്‍ത്തകര്‍ വീട്ടുതടങ്കലിലോ ജയിലിലോ ആണ്. ശക്തമായ സൈനിക പൊലീസ് വലയത്തിലാണ് കശ്മീര്‍ താഴ്‌വരയാകെ. ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുണ്ടെന്നും പൊലീസും സൈന്യവും അതിനെ അടിച്ചമര്‍ത്തുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ കശ്മീരിലെ ഒരു മാധ്യമത്തിനും തങ്ങളുടെ നാട്ടില്‍ എന്ത് നടക്കുന്നുവെന്ന് ജനങ്ങളെ അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എന്നാല്‍ ദേശീയ താത്പര്യത്തിന്റെ പേരിലാണ് ഈ നടപടികള്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യത്തെ ശരിവെയ്ക്കുന്ന നിലപാടാണ് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്വീകരിച്ചത്. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും എഡിറ്റേഴ്‌സ് ഗില്‍ഡും പ്രതിഷേധമുയര്‍ത്തി. “മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനം അതിന് വേണ്ടി സംസാരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, മാധ്യമങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെ ദേശീയ താത്പര്യങ്ങള്‍ക്ക് വേണ്ടി നിര്‍ലജ്ജം ന്യായീകരിക്കുകയാണെന്ന്” എഡിറ്റേഴ്‌സ് ഗില്‍ഡ് ആരോപിച്ചു. തങ്ങളുടെ ജോലി ചെയ്യുന്നതിന് റിപ്പോര്‍ട്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഇത് ചെയ്യുന്നതെന്നും ഗില്‍ഡ് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

മാധ്യമ നിയന്ത്രണങ്ങള്‍ക്കെതിരെ കശ്മീര്‍ ടൈംസിന്റെ എഡിറ്റര്‍ അനുരാധ ഭാസിന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു കൊണ്ട് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ റിട്ട. സുപ്രീം കോടതി ജഡ്ജി സി കെ പ്രസാദ് സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ചതാണ് വിവാദത്തിനിടയാക്കിയത്. “രാജ്യതാത്പര്യ”ത്തിന്റെ പേരില്‍ കൗണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായം ആരായാതെ ആയിരുന്നു ചെയര്‍മാന്റെ ഏകപക്ഷീയ നടപടി.

ഇതിനെതിരെ ചെന്നൈയിലും ഡല്‍ഹിയിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവന. പ്രതിഷേധങ്ങളെ തുടര്‍ന്ന് ചെയര്‍മാന്റെ നിലപാടല്ല പ്രസ് കൗണ്‍സിലിന്റേത് എന്ന വിശദീകരണവുമായി കൗണ്‍സില്‍ സെക്രട്ടറി അനുപമ ഭട്ട്‌നാഗര്‍ രംഗത്ത് വന്നു. കൗണ്‍സില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മാധ്യമങ്ങള്‍ക്കെതിരായ ഏത് തരം നിയന്ത്രണവും അംഗികരിക്കുന്നില്ലെന്നും ആയിരുന്നു. വിശദീകരണം.

“കുനിയാന്‍ പറയുന്നതിന് മുമ്പ് ഇഴയുന്നു” എന്നായിരുന്നു അടിയന്തരവസ്ഥക്കാലത്ത് ഭരണകൂട അനുകൂലമായി പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ക്കെതിരായ അന്നത്തെ ജനസംഘം നേതാവായ എല്‍ കെ അദ്വാനിയുടെ വിമര്‍ശനം. ഇപ്പോള്‍ അദ്വാനിയുടെ പാര്‍ട്ടിയാണ് മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും കുനിയാന്‍ ആവശ്യപ്പെടുന്നത്. ജമ്മു കശ്മീരിലെ മാധ്യമ അടിച്ചമര്‍ത്തല്‍ അടിയന്തരാവസ്ഥയിലെ നടപടികളെയും വെല്ലുന്ന തരത്തിലാണ്. ഇന്ദിര ഗാന്ധിയും നരേന്ദ്ര മോദിയും ദേശീയ താത്പര്യത്തിന്റെ പേരില്‍ തന്നെയാണ് മാധ്യമ നിയന്ത്രണം അടിച്ചേല്‍പ്പിച്ചത്. ഇത് കശ്മീരില്‍ അവസാനിക്കുമെന്ന് കരുതാനാവില്ല.

കശ്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങളെയും പൊലീസ് അതിക്രമങ്ങളെയും ജീവന്‍രക്ഷാ മരുന്നും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യത്തെയും കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം അവിടെ എല്ലാം ശാന്തമാണെന്നും സാധാരണ നിലയിലാണെന്നുമാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഏറെയും പറയുന്നത്. അടിയന്തരാവസ്ഥക്ക് സമാനമായ രീതിയില്‍ സര്‍ക്കാര്‍ ഭാഷ്യം മാത്രമാണ് പ്രമുഖ പത്രങ്ങളും ചാനലുകളും ഏറ്റെടുത്തിരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏതാനും പത്രങ്ങളും മാത്രമാണ് ജമ്മു കശ്മീരില്‍ എന്ത് നടക്കുന്നുവെന്നും കശ്മീരി ജനത എന്ത് പറയുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ശ്രമിക്കുന്നത്. മിക്ക മാധ്യമങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ തന്നെ ഏര്‍പ്പെടുത്തിയ സ്വയം സെന്‍സര്‍ഷിപ്പാണ് വസ്തുതകള്‍ മൂടിവെയ്ക്കുന്ന സാഹചര്യമുണ്ടാക്കിയത്.

ബിജെപി ഭരണ കാലത്ത് മാധ്യമ ഉടമസ്ഥതയിലും എഡിറ്റോറിയല്‍ മേധാവികളുടെ കാര്യത്തിലും വന്ന മാറ്റങ്ങളും കാരണമാണ്. രാജ്യത്തെ നിരവധി പ്രമുഖ പത്രങ്ങളും ചാനലുകളും ഇന്ന് റിലയന്‍സിന്റെയും ബിജെപി അനുകൂലികളായ കോര്‍പ്പറേറ്റ് കമ്പനികളുടെയും ഉടമസ്ഥതയിലാണ്. അവരുടെ താത്പര്യങ്ങള്‍ നടപ്പാക്കുന്നവരാണ് എഡിറ്റോറിയില്‍ നയങ്ങള്‍ തീരുമാനിക്കുന്നത്. സ്വാഭാവികമായും സര്‍ക്കാര്‍ താത്പര്യങ്ങളും ഭാഷ്യങ്ങളുമാണ് പ്രസിദ്ധീകരിക്കപ്പെടുന്നതും സംപ്രേഷണം ചെയ്യുന്നതും. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയോ അവഗണിക്കുകയോ ആണ് നടപ്പുരീതി.

ഇതിനിടയിലാണ് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സര്‍ക്കാരിന്റെ അമിതാധികാരത്തിനും ഉടമകളുടെ ആധിപത്യത്തിനും എതിരായി പ്രവര്‍ത്തിക്കേണ്ട പ്രസ് കൗണ്‍സില്‍ പോലെ ഉത്തരവാദപ്പെട്ട സ്ഥാപനം സ്വാതന്ത്ര്യ നിഷേധത്തിന് വേണ്ടി വാദിച്ചത്. ഏതായാലും മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ഇടപെടല്‍ വഴി പ്രസ് കൗണ്‍സിലിനെ തിരുത്തിക്കാന്‍ കഴിഞ്ഞുവെന്നത് സ്വാഗതാര്‍ഹമാണ്.