പോസ്‌കോ കേസിലെ പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അവകാശമില്ലെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്

പോസ്‌കോ കേസിലെ പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അവകാശമില്ലെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ഇവരുടെ ദയാഹര്‍ജികള്‍ പാര്‍ലമെന്റ് അവലോകനം ചെയ്ത് ഒഴിവാക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

“സ്ത്രീ സുരക്ഷ ഗുരുതരമായ പ്രശ്‌നമാണ്. പോക്സോ കേസിലെ പ്രതികള്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശമില്ല. ഇവരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കരുത്. ദയാഹര്‍ജികള്‍ പാര്‍ലമെന്റ് തന്നെ പുനഃപരിശോധിയ്ക്കണം” , പ്രസിഡന്റ് പറഞ്ഞു. രാജസ്ഥാനിലെ സിരോഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

പീഡനവാര്‍ത്തകള്‍ രാജ്യത്ത് വലിയ വിവാദം സൃഷ്ടിക്കുകയും ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കത്തിച്ചു കൊന്ന പ്രതികളെ പൊലീസ് വെടിവെച്ചു കൊല്ലുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രപതി പ്രതികരിച്ചിരിക്കുന്നത്.

അതിനിടെ നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ശിപാര്‍ശ കേന്ദ്ര അഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് നല്‍കിയിരുന്നു. കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഹര്‍ജി സമര്‍പ്പിച്ചത്. നിര്‍ഭയ ആക്രമിക്കപ്പെട്ടതിന്റെ ഏഴാം വാര്‍ഷികം ഈ മാസമാണ്.