പ്രഗ്യ സിംഗ് താക്കൂർ വായ തുറക്കുമ്പോഴെല്ലാം വിഷം വമിപ്പിക്കുന്നു: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

ഭോപ്പാൽ എം.പി പ്രഗ്യ സിംഗ് താക്കൂർ വായ തുറക്കുമ്പോഴെല്ലാം വിഷം വമിപ്പിക്കുന്നുവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചൊവ്വാഴ്ച പറഞ്ഞു. ഉത്തർപ്രദേശിലെ ജാതി വിഭജനം യോഗി ആദിത്യനാഥ് പ്രോത്സാഹിപ്പിക്കുകയാണെന്നും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ ഐ സി സി) ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പ്രസംഗത്തിനെ പിന്തുണച്ചു കൊണ്ട് ബാഗേൽ പറഞ്ഞു.

“ഞാൻ പ്രഗ്യ സിംഗ് താക്കൂറിനെ ഒരു സന്യാസിനിയായി കണക്കാക്കുന്നില്ല. പ്രഗ്യ സിംഗ് താക്കൂർ വായ തുറക്കുമ്പോഴെല്ലാം വിഷം വമിപ്പിക്കുന്നു. ഇത് ഒരു യഥാർത്ഥ സന്യാസിനിയുടെ സ്വഭാവമല്ല,” ബാഗേൽ പറഞ്ഞു.

“യോഗി ആദിത്യനാഥ് കുങ്കുമ നിറം ധരിക്കുന്നു, പക്ഷേ ലൗകികത ത്യജിച്ചിട്ടില്ല, പകരം അദ്ദേഹം തന്റെ കസേരയിൽ പറ്റിയിരിക്കുന്നു. ഇന്ത്യയിലെ യഥാർത്ഥ യോഗിമാർ കുങ്കുമ നിറം ത്യാഗത്തിന്റെ പ്രതീകമായാണ് സ്വീകരിക്കുന്നത്. ജാതി വിഭജനം ഉത്തർപ്രദേശിൽ ഇന്ന് കാണാം, അവരെ യോഗി ആദിത്യനാഥ് പ്രോത്സാഹിപ്പിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

ആദിത്യനാഥിനെതിരായ പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ കുറിച്ച് വലിയ വിവാദമുണ്ടായതിന്റെ തൊട്ടുപിന്നാലെയാണ് ബാഗേലിന്റെ പരാമർശം. ആദിത്യനാഥ് ധരിച്ചിരിക്കുന്ന കുങ്കുമവർണ വസ്ത്രം അദ്ദേഹത്തിന്റേതല്ല , മറിച്ച് രാജ്യത്തിന്റെ ആത്മീയ ചൈതന്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

“യോഗി ജി കുങ്കുമ നിറം ധരിക്കുന്നു. കുങ്കുമം ഈ രാജ്യത്തിന്റെ മതപരവും ആത്മീയവുമായ ആത്മാവാണ്. അത് ഹിന്ദുമതത്തിന്റെ പ്രതീകമാണ്. അദ്ദേഹം ആ മതം പിന്തുടരണം. ആ മതത്തിൽ പ്രതികാരത്തിനും അക്രമത്തിനും സ്ഥാനമില്ല,” പ്രിയങ്ക ഗാന്ധി പറഞ്ഞു.