'ഗോഡ്‌സെയെ കുറിച്ചുള്ള പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്': പ്രഗ്യ സിംഗ് താക്കൂര്‍

ഗോഡ്സെയെ കുറിച്ചുള്ള തന്റെ പരാമര്‍ശം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായി ബിജെപി അംഗം പ്രഗ്യ സിംഗ് ഠാക്കൂര്‍ ലോക്സഭയില്‍. തന്റെ പ്രസ്താവന വളച്ചൊടിച്ചു വിവാദമാക്കുകയായിരുന്നെന്നും പ്രഗ്യ സിംഗ് പറഞ്ഞു. ഗോഡ്സെയുടെ പേരു പരാമര്‍ശിക്കാതെയായിരുന്നു ബിജെപി അംഗത്തിന്റെ ഖേദപ്രകടനം.

മഹാത്മാ ഗാന്ധി രാഷ്ട്രത്തിനു നല്‍കിയ സംഭാവനകളെ താന്‍ മാനിക്കുന്നുണ്ടെന്ന് പ്രഗ്യ സിംഗ് പറഞ്ഞു. സഭയിലെ ഒരു അംഗം തന്നെ ഭീകരവാദി എന്നു വിശേഷിപ്പിച്ചു. അതു തന്റെ അന്തസ്സിനു നേരെയുണ്ടായ ആക്രമണമാണ്. തനിക്കെതിരെയുള്ള ഒരു കുറ്റാരോപണവും ഇതുവരെ കോടതിയില്‍ തെളിയിക്കാനായിട്ടില്ലെന്ന് പ്രഗ്യ സിംഗ് ചൂണ്ടിക്കാട്ടി.

ഗോഡ്സെ ദേശഭക്തന്‍ ആയിരുന്നെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രഗ്യ സിംഗിന്റെ വിശദീകരണം. പ്രഗ്യയുടെ പരാമര്‍ശം നേരത്തെ ബിജെപി തള്ളിയിരുന്നു. ഇത്തരം ആശയങ്ങള്‍ ബിജെപിയുടേത് അല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. ഗോഡ്സെ സ്തുതിയെ തുടര്‍ന്ന് പ്രഗ്യ സിംഗിനെ പാര്‍ലമെന്ററി സമിതികളില്‍നിന്നു നീക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു.