'രജൗരിയിലെ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർത്ഥം'; ദുരൂഹതയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർഥമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പരിശോധയിൽ തിരിച്ചറിയാൻ കഴിയാത്ത വിഷ പദാർഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഏത് തരത്തിലുള്ള വിഷവസ്തുവാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.

6 ആഴ്ചക്കിടെ 17 പേരാണ് രജൗരിയിലെ ബാധൽ ഗ്രാമത്തിൽ അസ്വഭാവിക സാഹചര്യത്തിൽ മരിച്ചത്. കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോ​ഗ ലക്ഷണങ്ങളായി രോ​ഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇവർ മരിക്കുകയാണ്. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള കഴിഞ്ഞ ദിവസം ഗ്രാമം സന്ദർശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘവും ഇവിടം സന്ദർശിച്ചിരുന്നു.

2024 ഡിസംബറിൽ ഒരു കുടുംബത്തിലെ 7 പേർ അസുഖ ബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ 5 പേർ മരിക്കുകയും ചെയ്തു. ഡിസംബർ 12ന് മറ്റൊരു കുടുംബത്തിലെ 9 പേർക്കും അസുഖം ബാധിച്ചു. ഇതിൽ 3 പേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനുശേഷം 10 പേർക്ക് അസുഖം ബാധിച്ചതിൽ 5 കുട്ടികൾ മരിച്ചു.

Read more