അർണബ് ഗോസ്വാമിക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയത് പ്രധാനമന്ത്രി, ഒരു അന്വേഷണവും നടക്കില്ല: രാഹുൽ ഗാന്ധി

മാധ്യമ പ്രവർത്തകന് രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകുന്നത് ക്രിമിനൽ കുറ്റമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2019ലെ ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ റിപ്പബ്ലിക്ക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് പ്രധാനമന്ത്രിയായതിനാൽ ഒരു അന്വേഷണവും നടക്കില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

“ബാലകോട്ട് പോലെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, പ്രതിരോധ മേധാവി, വ്യോമസേനാ മേധാവി, കരസേനാ മേധാവി എന്നിങ്ങനെയുള്ള ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ. അതിനാൽ ഇതുപോലുള്ള ഒരു രഹസ്യം ഒരു മാധ്യമ പ്രവർത്തകന് ചോർന്നിട്ടുണ്ടെങ്കിൽ, അത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ്. അത് രാജ്യത്തിന്റെ രഹസ്യം ചോർത്തലാണ്, ” രാഹുൽ ഗാന്ധി പറഞ്ഞു.

“ഈ ആളുകൾ തങ്ങളെ ദേശസ്നേഹികൾ, ദേശീയവാദികൾ എന്ന് വിളിക്കുന്നു, പക്ഷേ ഇത് ഒരു ദേശവിരുദ്ധ നടപടിയാണ്. അർണബ് ഗോസ്വാമിക്ക് അത്തരം വിവരങ്ങൾ നൽകുന്നത് ക്രിമിനൽ കുറ്റമാണ്, ഇത് രാജ്യത്തെയും അതിന്റെ പൈലറ്റുമാരെയും ഗുരുതരമായ അപകടത്തിലാക്കുന്നു. ഇത് അന്വേഷിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി ഇവരിൽ ആരാണ് അർണബ് ഗോസ്വാമിക്ക് ആ വിവരം നൽകിയതെന്ന് നമ്മൾ അറിയേണ്ടതുണ്ട്,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ബാലകോട്ട് വ്യോമാക്രമണത്തിന് മൂന്ന് ദിവസം മുമ്പ്, “വലിയ ഒരു കാര്യം സംഭവിക്കും,” അത് “ഒരു സാധാരണ ആക്രമണത്തേക്കാൾ വലുതായിരിക്കും,” “ജനങ്ങൾക്ക് ആഹ്ളാദകരമായ രീതിയിൽ സർക്കാർ ആക്രമണം നടത്തുമെന്ന് ഉറപ്പുണ്ട്,” എന്നെല്ലാം അർണബ് ഗോസ്വാമി റേറ്റിംഗ് ഏജൻസിയായ ബാർക്കിന്റെ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയോട് വാട്‌സ്ആപ്പ് സന്ദേശത്തിൽ പറഞ്ഞതായി വെളിപ്പെട്ടിരുന്നു. ടി.വി റേറ്റിംഗ് കുംഭകോണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസാണ് കോടതിയിൽ ഈ വാട്‌സ്ആപ്പ് സന്ദേശങ്ങൾ സമർപ്പിച്ചത്.

40 സൈനികർ കൊല്ലപ്പെട്ട പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ജയ്ഷ് ഇ മുഹമ്മദ് ഭീകരരുടെ താവളം തകർക്കാൻ ഇന്ത്യ പാകിസ്ഥാനിലെ ബാലകോട്ടിലേക്ക് വ്യോമസേന യുദ്ധവിമാനങ്ങൾ അയയ്ക്കുന്നതിന് മൂന്ന് ദിവസം മുമ്പ് 2019 ഫെബ്രുവരി 23നാണ് ഈ സംഭാഷണം നടന്നത്.

“അർണബ് ഗോസ്വാമിയുടെ വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ അത്തരം വിവരങ്ങൾ ഉണ്ടെങ്കിൽ, അത് പാകിസ്ഥാനും ലഭിച്ചിരിക്കണം, ഇത് രഹസ്യമായിരുന്നിരിക്കില്ല, അതിനാൽ തന്നെ ഇന്ത്യൻ പൈലറ്റുമാരുടെ ജീവൻ അപകടത്തിലായിരുന്നു, രാജ്യത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും അപകടത്തിലായായിരുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു.

Read more

വാട്‌സ്ആപ്പ് സംഭാഷണങ്ങൾ ചോർന്നതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള വിമർശനമാണ് ബി.ജെ.പി സർക്കാർ നേരിടുന്നത്. ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.