ആർഎസ്എസിന്റെ 100 ആം വാർഷിക ആഘോഷ ചടങ്ങിൽ പ്രത്യേക തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതാംബയുടെയും സ്വയം സേവകരുടെയും ചിത്രം ആലേഖനം ചെയ്തതാണ് 100 രൂപയുടെ നാണയം. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ എന്നിവരും പങ്കെടുത്തു.
പ്രധാനമന്ത്രി എല്ലാവർക്കും മഹാനവമി ആശംസകൾ നേർന്ന് സംസാരിച്ചു. 100 വർഷങ്ങൾ മുമ്പ് ദസറ ദിനത്തിൽ ആർഎസ്‌എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നും മോദി പറഞ്ഞു. ശാഖകൾ രാജ്യത്തിന്റ വികസനത്തിന് സഹായിക്കുന്നു. സ്വാതന്ത്ര്യസമര സമയത്ത് ഡോ. ഹെഡ്ഗെവാർ നിരവധി തവണ ജയിലിൽ കിടന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് സംരക്ഷണം നൽകി. രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർഎസ്‌എസ് വളണ്ടിയർമാർ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.
ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിന്റെ പുനരുത്ഥാനമായിരുന്നു ആർഎസ്‌എസ്. ആർഎസ്‌എസിന്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് നമ്മുടെ ഭാഗ്യം. സംഘശാഖ ഒരു പ്രചോദന ഭൂമിയാണ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ, നിരവധി സിഖ് കുടുംബങ്ങൾക്ക് ആർഎസ്‌എസ് അഭയം നൽകി.കേരളത്തിൽ വയനാട് ദുരന്തം അടക്കം നിരവധി ഇടങ്ങളിൽ സഹായത്തിനായി ആദ്യം എത്തിയത് ആർഎസ്‌എസ് ആണ്. ആർഎസ്‌എസ് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നു.
ഏക ഇന്ത്യ, മഹത്തായ ഇന്ത്യ’ എന്നതിൽ ആണ് ആർഎസ്‌എസ് വിശ്വസിക്കുന്നത്. പക്ഷേ സ്വാതന്ത്ര്യാനന്തരം, ആർഎസ്‌എസ് ദേശീയ മുഖ്യധാരയിലേക്ക് എത്തുന്നത് തടയാൻ ശ്രമങ്ങൾ നടന്നുവെന്നും മോദി അവകാശപ്പെട്ടു. ഓരോ സ്വയംസേവകനും ജനാധിപത്യത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും അചഞ്ചലമായ വിശ്വാസമുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ ഈ വിശ്വാസം ഓരോ സ്വയംസേവകനും പോരാടാൻ ശക്തി നൽകി.
Read more
ഇന്നത്തെ വെല്ലുവിളികളും പോരാട്ടങ്ങളും വ്യത്യസ്തമാണ്. മറ്റ് രാജ്യങ്ങളെ സാമ്പത്തികമായി ആശ്രയിക്കുന്നു, നമ്മുടെ ഐക്യം തകർക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നു, ജനസംഖ്യാശാസ്‌ത്രം മാറ്റാനുള്ള ഗൂഢാലോചനകൾ ഉണ്ടാകുന്നു ഒരു പ്രധാനമന്ത്രി എന്ന നിലയിൽ, ഈ പ്രശ്‌നങ്ങളെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.







