മോദി സ്റ്റേഡിയം, അദാനി എൻഡ്, റിലയൻസ് എൻഡ്; സത്യം സ്വയം വെളിപ്പെടുന്നു: രാഹുൽ ഗാന്ധി

ഗുജറാത്തിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേരുമാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത് സംബന്ധിച്ച് വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിന്റെ രണ്ട് എൻഡുകൾക്ക് റിലൈൻസ്, അദാനി എന്നീ പേരുകൾ നൽകിയത് മുതലാളിത്ത- രാഷ്ട്രീയ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയുടെ ട്രഷററായിരിക്കുന്ന സമയത്താണ് ഈ പേര് മാറ്റം വന്നതെന്ന സൂചനയും രാഹുൽ ഗാന്ധി തന്റെ ട്വീറ്റിലൂടെ എടുത്തുപറഞ്ഞു.

“സത്യം സ്വയം വെളിപ്പെടുന്ന വിധം മനോഹരമാണ്.

നരേന്ദ്ര മോദി സ്റ്റേഡിയം
– അദാനി എൻഡ്
– റിലയൻസ് എൻഡ്
ജയ് ഷായുടെ നേതൃത്വവും.”

ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

ഗുജറാത്തിൽ നിന്നുള്ള ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ബിസിനസ് സ്ഥാപനങ്ങളായ റിലയൻസിനും അദാനി ഗ്രൂപ്പിനും അനുകൂലമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നയങ്ങൾ രൂപീകരിക്കുന്നതെന്ന് രാഹുൽ ഗാന്ധി നേരത്തെയും ആരോപിച്ചിട്ടുണ്ട്.

ഗുജറാത്തിലെ നവീകരിച്ച മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി മോദിയുടെ പേര് നൽകിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. സർദാർ വല്ലഭായ് പട്ടേലിന്റെ പേരാണ് ആദ്യം സ്റ്റേഡിയത്തിന് നൽകിയത്. എന്നാൽ മോദിയുടെ പേര് നൽകിയതിലൂടെ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിനെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം ഉൾപ്പെടെ നിരവധി കക്ഷികൾ രംഗത്തെത്തി.